കൗമാരക്കാരനെ വെട്ടിക്കൊന്ന സംഭവം: പ്രതികൾ എട്ടുപേരെന്നു പോലീസ്
Wednesday, November 22, 2023 4:16 PM IST
തിരുവനന്തപുരം: കരിമഠം കോളനിയിലെ 19 വയസുകാരന്റെ കൊലപാതകത്തിൽ എട്ടു പ്രതികളുണ്ടെന്ന് പോലീസ്. രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. ഒളിവിൽ പോയ പ്രതികളെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കിയെന്ന് പോലീസ് വ്യക്തമാക്കി.
കരിമഠം കോളനിയിലെ അലിയാർ-അജിത ദന്പതികളുടെ മകൻ അർഷാദ് (19) നെയാണ് ലഹരിവിൽപ്പന സംഘം ചൊവ്വാഴ്ച വൈകിട്ട് വെട്ടിക്കൊലപ്പെടുത്തിയത്. അർഷാദിന്റെ സഹോദരൻ അൽ അമീനും (23) കൈക്ക് വെട്ടേറ്റു.
കോളനി കേന്ദ്രീകരിച്ച് നടത്തുന്ന ലഹരിവിൽപ്പനയെ അർഷാദും സുഹൃത്തുക്കളും ചേർന്ന് തടഞ്ഞതിലുള്ള വിരോധമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. മഠത്തിൽ ബ്രദേഴ്സ് എന്ന പേരിൽ രൂപീകരിച്ച സാംസ്കാരിക കൂട്ടായ്മ ലഹരി വിൽപ്പനയെ എതിർത്തിരുന്നു.
അഭിപ്രായ വ്യത്യാസങ്ങൾ ഒത്തുതീർപ്പാക്കാമെന്ന് പറഞ്ഞ് അർഷാദിനെയും കുട്ടുകാരെയും പ്രതികൾ ഉൾപ്പെട്ട സംഘം കോളനിയിലെ ഒരു ഭാഗത്തേക്ക് വിളിച്ച് വരുത്തിയിരുന്നു. ഇവിടെ വച്ചാണ് പ്രതികൾ വെട്ടുകത്തികൊണ്ട് അർഷാദിനെയും സുഹൃത്തുക്കളെയും ആക്രമിച്ചത്.
അർഷാദിന്റെ കഴുത്തിനേറ്റ വെട്ടാണ് മരണത്തിന് കാരണമായത്. ആയുധം കാട്ടിയും കല്ലെറിഞ്ഞും ഒപ്പമുള്ളവരെ പ്രതികൾ ഉൾപ്പെട്ട സംഘം വിരട്ടിയോടിച്ചുവെന്നാണ് പോലീസ് വ്യക്തമാക്കിയത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം അർഷാദിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.
കോളനിയിൽ പൊതുദർശനത്തിന് വച്ച ശേഷമാകും സംസ്കാരം നടക്കുക. അർഷാദിന്റെ കൊലപാതകത്തിൽ കോളനി നിവാസികളും പ്രദേശവാസികളും ഭീതിയിലായിരിക്കുകയാണ്. ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ എസ്. ഷാജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷണം നടത്തുന്നത്.