ആന്ധ്രാപ്രദേശിൽ ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ച് വിദ്യാർഥികൾക്ക് പരിക്ക്
Wednesday, November 22, 2023 4:34 PM IST
വിശാഖപട്ടണം: ആന്ധ്രാപ്രദേശിൽ സ്കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷ ലോറിയിൽ ഇടിച്ച് അപകടം. വിശാഖപട്ടണത്താണ് സംഭവം. എട്ടു കുട്ടികൾക്ക് പരിക്കേറ്റു.
സംഘം ശരത് തിയേറ്റർ ജംഗ്ഷന് സമീപമാണ് അപകടമുണ്ടായത്. രാവിലെ ഏഴോടെ കുട്ടികളുമായി ബഥനി സ്കൂളിലേക്ക് പോയ ഓട്ടോ നാഷണൽ പെർമിറ്റ് ലോറിയിൽ ഇടിക്കുകയായിരുന്നു.
അപകടത്തെ തുടർന്ന് കുട്ടികൾ ഓട്ടോയിൽ നിന്നും തെറിച്ചു വീണു. മറിഞ്ഞു വീണ ഓട്ടോയുടെ അടിയിലും കുട്ടികൾ കുടുങ്ങിയിരുന്നു.ഇവരിൽ ഒരാളുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
അതേസമയം, അനുവദനീയമായതിലും കൂടുതൽ കുട്ടികളെ ഓട്ടോയിൽ കയറ്റിയിരുന്നുവെന്ന് പോലീസ് അറിയിച്ചു. ഓട്ടോയുടെയും ലോറിയുടെയും ഡ്രൈവർമാരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.