ജീവനക്കാരുടെ രാജിഭീഷണി ഫലംകണ്ടു; അഞ്ചുദിവസത്തിനു ശേഷം സാം ആൾട്ട്മാൻ തിരിച്ചെത്തുന്നു
Wednesday, November 22, 2023 4:35 PM IST
ന്യൂയോർക്ക്: ഓപ്പൺ എഐ സിഇഒ സ്ഥാനത്തേക്ക് സാം ആൾട്ട്മാൻ തിരിച്ചെത്തി. അദ്ദേഹത്തെ തിരികെ നിയമിക്കാനും പുതിയ ബോർഡ് അംഗങ്ങളെ തിരഞ്ഞെടുക്കാനും കമ്പനി തീരുമാനിച്ചു. സാം ആൾട്ട്മാനെ പുറത്താക്കിയതിൽ പ്രതിഷേധിച്ച് കമ്പനിയിലെ ഭൂരിഭാഗം ജീവനക്കാരും രാജി സന്നദ്ധത അറിയിച്ച സാഹചര്യത്തിലാണ് പുതിയ നീക്കം.
ബ്രെറ്റ് ടെയ്ലർ, ലാറി സമ്മേഴ്സ്, ആദം ഡി ആഞ്ചലോ എന്നിവരാണ് പുതിയ ബോർഡ് അംഗങ്ങൾ. പുറത്താക്കൽ നടപടിക്കു ശേഷം അഞ്ചുദിവസത്തെ നാടകീയതകൾക്കു ശേഷമാണ് സാം ആൾട്ട്മാൻ അതേ സ്ഥാനത്തു തിരിച്ചെത്തിയത്.
ആൾട്ട്മാനെ പുറത്താക്കിയതില്‍ പ്രതിഷേധിച്ച് രാജിവെച്ച മറ്റൊരു സഹസ്ഥാപകനും മുൻ പ്രസിഡന്റുമായ ഗ്രെഗ് ബ്രോക്ക്മാനും ഓപ്പൺ എഐയിലേക്ക് തിരിച്ചെത്തുമെന്നും കമ്പനി അറിയിച്ചു.
യുഎസ് കമ്പനിയായ ഓപ്പൺഎഐ, അപ്രതീക്ഷിതമായ നീക്കത്തിലൂടെയാണ് സിഇഒ സ്ഥാനത്തുനിന്ന് ആൾട്ട്മാനെ പുറത്താക്കിയത്. ഇതിനു പിന്നാലെ ഡയറക്ടർ ബോർഡിന്റെ രാജിയും ആൾട്ട്മാന്റെ തിരിച്ചുവരവും ആവശ്യപ്പെട്ട് 770 ജീവനക്കാരാണ് രാജി ഭീഷണി മുഴക്കിയിരുന്നത്.
കഴിഞ്ഞ നവംബറിലാണ് 38കാരനായ സാമിന്റെ നേതൃത്വത്തിൽ ഓപ്പണ്‍ എഐ ചാറ്റ് ജിപിടി എഐ ചാറ്റ്ബോട്ട് അവതരിപ്പിച്ചത്. ടെക് ലോകത്തെ സെൻസേഷനായി മാറിയ സാം, ചാറ്റ് ജിപിടി എന്ന സംവിധാനത്തിന്റെ മുഖം തന്നെയായിരുന്നു.