ശബരിമല സര്‍വീസ്: ബംഗളൂരുവില്‍ നിന്നുള്ള ഐരാവത് വോള്‍വോ ഡിസംബര്‍ ഒന്ന് മുതല്‍
വെബ് ഡെസ്ക്
Thursday, November 23, 2023 7:45 AM IST
തിരുവനന്തപുരം: ശബരിമല സീസണ്‍ പ്രമാണിച്ച് പ്രത്യേക സര്‍വീസ് നല്‍കാന്‍ ആഡംബര ബസ് ഇറക്കി കര്‍ണാടക സര്‍ക്കാര്‍. ബംഗളൂരുവില്‍ നിന്നുള്ള ഐരാവത് വോള്‍വോ ബസ് ഡിസംബര്‍ ഒന്ന് മുതല്‍ ശബരിമല സര്‍വീസ് ആരംഭിക്കും. ബംഗളൂരു മുതല്‍ നിലയ്ക്കല്‍ വരെയാണ് സര്‍വീസ്.
ഉച്ചയ്ക്ക് 1.50ന് ബംഗളൂരുവില്‍ നിന്നും പുറപ്പെടുന്ന ബസ് പിറ്റേദിവസം രാവിലെ 6.30ന് പമ്പയിലെത്തും. തീര്‍ഥാടകര്‍ക്ക് ഓണ്‍ലൈനായും ടിക്കറ്റ് ബുക്ക് ചെയ്യാന്‍ അവസരമുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
ശബരിമല തീര്‍ഥാടകരുടെ തിരക്ക് പ്രമാണിച്ച് സൗത്ത് സെന്‍ട്രല്‍ റെയില്‍വേ ഇതുവരെ 66 ട്രെയിനുകള്‍ കേരളത്തിലേയ്ക്ക് അനുവദിച്ചിട്ടുണ്ട്. ആദ്യം അനുവദിച്ചതിന് പുറമേ 40 സ്‌പെഷല്‍ സര്‍വീസുകള്‍ കൂടി ആരംഭിക്കാന്‍ സൗത്ത് സെന്‍ട്രല്‍ റെയില്‍വേ തീരുമാനിച്ചു.
22 ട്രെയിനുകള്‍ ആയിരുന്നു ചൊവാഴ്ച അനുവദിച്ചത്. ശ്രീകാകുളം റോഡ് കൊല്ലം, വിശാഖപട്ടണം കൊല്ലം റൂട്ടിലും തിരികെയുമാണ് പുതിയ 40 സര്‍വീസുകളെന്ന് സൗത്ത് സെന്‍ട്രല്‍ ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ രാകേഷ് അറിയിച്ചു.
ശ്രീകാകുളം റോഡ് കൊല്ലം സര്‍വീസ് 25നും വിശാഖപട്ടണം കൊല്ലം സര്‍വീസ് 29 നും ആരംഭിക്കും.