മഴക്കെടുതി: രണ്ട് പേരെ കാണാതായി; പലയിടങ്ങളിലും വെള്ളക്കെട്ട്, അണക്കെട്ടുകൾ തുറന്നു
Thursday, November 23, 2023 9:14 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. രണ്ട് പേരെ കാണാതായെന്ന് മന്ത്രി കെ. രാജന് അറിയിച്ചു.
കനത്ത മഴയെത്തുടര്‍ന്ന് ഇടുക്കി പൊന്മുടി അണക്കെട്ട് തുറന്നു. മൂന്നു ഷട്ടറുകളാണ് ഉയര്‍ത്തിയത്. രണ്ട് ഷട്ടറുകള്‍ 30 സെന്റീമീറ്ററും ഒരു ഷട്ടര്‍ 10 സെന്റീമീറ്ററും ഉയര്‍ത്തി.
നേരത്തെ, കല്ലാര്‍ അണക്കെട്ട് തുറന്നിരുന്നു. ജലനിരപ്പ് പരമാവധി സംഭരണശേഷിയോട് അടുത്തതിനെ തുടര്‍ന്നാണ് കല്ലാര്‍ അണക്കെട്ട് തുറന്നത്. ഒരു ഷട്ടര്‍ 10 സെന്റീമീറ്ററാണ് ഉയര്‍ത്തിയത്. സെക്കന്‍ഡില്‍ അഞ്ച് ക്യുമെക്സ് വെള്ളമാണ് തുറന്നുവിട്ടിരിക്കുന്നത്.
കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരത്ത് പലയിടങ്ങളിലും വെള്ളക്കെട്ട് അനുഭവപ്പെട്ടു. ഗൗരീശപട്ടം, തേക്ക്മൂട് കോളനി, മുറിഞ്ഞപാലം എന്നിവിടങ്ങളില്‍ വെള്ളം കയറി. ശ്രീകാര്യത്തും ചെമ്പഴന്തിയിലും മണ്ണിടിച്ചിലുണ്ടായി.
പത്തനംതിട്ട ജില്ലയിലും മഴക്കെടുതി രൂക്ഷം. കഴിഞ്ഞദിവസം കോന്നി കൊക്കാത്തോട് മേഖലയില്‍ വലിയ നാശനഷ്ടം ഉണ്ടായി. ഒരു വീട് പൂര്‍ണമായും തകർന്നു. 10ലധികം വീടുകള്‍ക്ക് ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചു.
നിലവില്‍ അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.
അഞ്ച് ദിവസം കൂടി മഴ തുടരുമെന്നാണ് റിപ്പോര്‍ട്ട്. മലയോര മേഖലകളിലാണ് കൂടുതല്‍ മഴ ലഭിക്കുക. തമിഴ്നാടിന് മുകളില്‍ കേരളത്തിന് സമീപത്തായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയാണ് ശക്തമായ മഴയ്ക്ക് കാരണം. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിക്കുന്നു.