ഉത്തരാഖണ്ഡിലെ രക്ഷാദൗത്യം അവസാനഘട്ടത്തിലേക്ക്; മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും സ്ഥലത്തെത്തി
Thursday, November 23, 2023 12:24 PM IST
ഡെറാഡൂൺ: ഉത്തരകാശിയിലെ സീൽക്യാര തുരങ്കത്തിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തുന്നതിനുള്ള ദൗത്യം അവസാനഘട്ടത്തിലേയ്ക്ക്. കേന്ദ്രമന്ത്രി വി.കെ. സിംഗും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
രക്ഷാദൗത്യം ഇന്ന് വൈകുന്നേരത്തോടെ പൂർത്തിയാക്കാൻ കഴിയുമെന്ന് എൻഡിആർഎഫ് ഡിജി അതുൽ കർവാൾ വ്യക്തമാക്കി.
യുഎസ് നിർമിത ഡ്രില്ലിംഗ് ഉപകരണമായ അമേരിക്കൻ ഓഗർ മെഷീൻ ഉപയോഗിച്ചാണു രക്ഷാപ്രവർത്തനം നടത്തുന്നത്.
800 മില്ലിമീറ്റർ വ്യാസമുള്ള പൈപ്പാണ് രക്ഷാദൗത്യത്തിനായി ഇപ്പോൾ ഉപയോഗിക്കുന്നത്. തുരങ്കത്തിനുള്ളിൽ അകപ്പെട്ടിരിക്കുന്ന തൊഴിലാളികളുടെ സുരക്ഷ കണിക്കിലെടുത്ത് കൂടുതൽ പൈപ്പുകൾ സ്ഥാപിക്കാനാണ് തീരുമാനം.
പൈപ്പ്ലൈന് കടത്തിവിടുന്നതിനുള്ള ഡ്രില്ലിംഗ് മെഷീൻ തൊഴിലാളികളുടെ 10 മീറ്റർ അകലെവച്ചു തുരങ്കത്തിലുണ്ടായിരുന്ന സ്റ്റീൽ റോഡിൽ തട്ടിനിന്നത് അവസാനനിമിഷത്തിൽ ആശങ്ക ഉയർത്തിയിരുന്നു.
മെഷീന്റെ ബ്ലേഡ് തകാരാറിലായതിനാൽ ദൗത്യം ഒരു മണിക്കൂറോളം വൈകി. തടസം സൃഷ്ടിച്ച ഇരുമ്പു പാളി മുറിച്ചു നീക്കിയശേഷം പൈപ്പ് ഇടുന്നത് തുടരുകയാണ്.
തൊഴിലാളികളെ രക്ഷപ്പെടുത്തിയശേഷം ചെയ്യേണ്ട കാര്യങ്ങൾ തുരങ്കത്തിനു പുറത്ത് പൂർത്തിയായിട്ടുണ്ട്. 41 കിടക്കകളുള്ള ആശുപത്രിയാണ് ടണലിനടുത്തുള്ള ചിന്യാലിസൗറിലെ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ സജ്ജീകരിച്ചിരിക്കുന്നത്.
പ്രാഥമിക വൈദ്യപരിശോധന ഇവിടെ പൂർത്തിയാക്കുമെന്ന് അധികൃതർ അറിയിച്ചു. ഇതിനായി ചെസ്റ്റ് സ്പെഷലിസ്റ്റുമാര്‍ ഉള്‍പ്പെടെ 15 ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘത്തെ നിയോഗിച്ചു.
12 ആംബുലന്‍സുകളും തയാറാക്കി. ആരോഗ്യപ്രശ്നങ്ങളുള്ളവരെ എയർ ആംബുലൻസിൽ ഡൽഹി എയിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോകും. ഇതിനായി തുരങ്കത്തിനു സമീപം ഹെലിപാഡ് സജ്ജീകരിച്ചു.
നവംബർ 12ന് പുലർച്ചെ 5.30നായിരുന്നു ബഹ്മഖൽ-യമുനോത്രി ദേശീയപാതയിൽ സിൽക്യാരയ്ക്കും ദണ്ഡൽഗാവിനും ഇടയിൽ നിർമാണത്തിലിരുന്ന തുരങ്കം ഭാഗികമായി തകർന്ന് അപകടമുണ്ടായത്.