ഓൺലൈനായി ഹോട്ടലുകൾക്ക് റിവ്യു നൽകി; യുവതിക്ക് 15 ലക്ഷം പോയി
Thursday, November 23, 2023 5:32 PM IST
കണ്ണൂർ: ഹോട്ടലുകൾക്ക് റിവ്യു നൽകിയാൽ പണം നൽകുമെന്ന് വിശ്വസിപ്പിച്ച് യുവതിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയതായി പരാതി. തോട്ടട കാഞ്ഞിര സ്വദേശിയായ 27 വയസുകാരിയുടെ 15 ലക്ഷമാണ് നഷ്ടപ്പെട്ടത്.
പാർട്ട് ടൈം ജോലിയായി ഗൂഗിൾ മാപ്പ് റിവ്യു വഴി ആവശ്യപ്പെടുന്ന ഹോട്ടലുകൾക്ക് റിവ്യു ചെയ്തു കൊടുക്കുകയും ടാസ്കിൽ പങ്കെടുക്കുകയും ചെയ്താൽ വൻതുക ലാഭവിഹിതം ലഭിക്കുമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.
നവംബർ മാസം ആറു മുതൽ 16 വരെ പല തവണകളായി 15,26,381 രൂപ നഷ്ടപ്പെട്ടെന്നാണ് പരാതിയിൽ പറയുന്നത്. ആർട്സ് ആന്റ് എന്റർടൈൻമെന്റ് എന്ന അക്കൗണ്ട് വഴിയാണ് തട്ടിപ്പ് നടന്നത്. ഇവരുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ ചേർന്ന യുവതിക്ക് ആദ്യം കുറച്ച് പണം നൽകി.
കൂടുതൽ പണം ലഭിക്കാൻ പണം അയച്ച് നൽകണമെന്ന് തട്ടിപ്പുകാർ ആവശ്യപ്പെട്ടു. ഇത് പ്രകാരം യുവതി പണം അയച്ചു നൽകുകയായിരുന്നു. യുവതിയുടെ പരാതിയിൽ എടക്കാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.