ആരോഗ്യവകുപ്പ് ജീവനക്കാരന്റെ ഒന്നരലക്ഷവും മൊബൈലും കവർന്നു
Thursday, November 23, 2023 6:01 PM IST
തലശേരി: മസ്ജിദിൽ നമസ്കരിക്കാൻ കയറിയ ആരോഗ്യവകുപ്പ് ജീവനക്കാരന്റെ ഒന്നരലക്ഷം രൂപയും മൊബൈൽഫോണും കവർന്നു.
മാഹിയിലെ ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥൻ തലശേരി സീതി സാഹിബ് റോഡിലെ റിജാസിന്റെ പണവും മൊബൈൽഫോണും അടങ്ങിയ ബാഗാണ് മോഷണംപോയത്.
വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. റെയിൽവേ സ്റ്റേഷന് സമീപമുള്ള പള്ളിയിൽ സന്ധ്യാ നമസ്കാരത്തിന് കയറിയപ്പോൾ ബാഗ് പള്ളി ഹാളിൽ വച്ചു. നമസ്കാരം കഴിഞ്ഞ് വന്നപ്പോൾ ബാഗ് കാണാനില്ലായിരുന്നു.
തുടർന്ന് റിജാസ് ടൗൺ പോലീസിൽ പരാതി നൽകി. സ്വർണം വാങ്ങാനും മറ്റുമായി സൂക്ഷിച്ച പണമാണ് മോഷണംപോയതെന്ന് റിജാസ് പോലീസിന് നൽകിയ പരാതിയിൽ പറഞ്ഞു.
സിഐ എം. അനിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പള്ളിയിലെയും പരിസരത്തെയും സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചുവരികയാണ്.