ബിരിയാണി മേടിക്കാൻ കൊല: മൃതദേഹത്തിൽ കയറി നിന്ന് നൃത്തം; 16കാരൻ അറസ്റ്റിൽ
Thursday, November 23, 2023 9:16 PM IST
ന്യൂഡൽഹി: ബിരിയാണി മേടിക്കാൻ പണത്തിനായി കൗമാരക്കാരനെ ക്രൂരമായി കൊലപ്പെടുത്തി 16കാരൻ. വടക്കുകിഴക്കൻ ഡൽഹിയിലെ ജന്ത മസ്ദൂർ കോളനിയിൽ ചൊവ്വാഴ്ച രാത്രിയിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്.
18കാരനാണ് കൊല്ലപ്പെട്ടത്. 18കാരനെ കുത്തി വീഴ്ത്തിയ ആക്രമി മൃതദേഹത്തിന് മുകളിൽ നിന്ന് നൃത്തം ചെയ്യുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം.
മോഷണശ്രമമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്. പ്രതി 18കാരനെ കഴുത്ത് ഞെരിച്ച് ബോധരഹിതനാക്കിയതിന് ശേഷം 60 പ്രാവശ്യം കുത്തുകയായിരുന്നു.
പ്രതി മൃതദേഹം ഇടുങ്ങിയ ഇടവഴിയിലേക്ക് വലിച്ചിഴയ്ക്കുന്നത് സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. മരിച്ചെന്ന് ഉറപ്പുവരുത്താൻ ഇയാൾ കഴുത്തിൽ തുടർച്ചയായി കുത്തുന്നത് ദൃശ്യങ്ങളിൽ കാണാം. എഴുന്നേറ്റ് നിന്ന് നിരവധി തവണ തലയിലും ചവിട്ടിയ പ്രതി, മൃതദേഹത്തിന് മുകളിൽ കയറി നൃത്തം ചെയ്യുകയായിരുന്നു.
പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാൾ സ്ഥിരം കുറ്റവാളിയാണെന്നാണ് പോലീസ് നൽകുന്ന വിവരം. 350 രൂപ മോഷ്ടിക്കാനാണ് താൻ കൊല നടത്തിയതെന്ന് പ്രതി പോലീസിന് മൊഴി നൽകി. കൃത്യം നടക്കുമ്പോൾ താൻ ലഹരിയിലായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ പ്രതി മൊഴി നൽകി.
പ്രയപൂർത്തിയാകാത്ത നിരവധി പേരടങ്ങുന്ന കുറ്റവാളി സംഘത്തിൽപ്പെട്ടയാളാണ് പ്രതിയെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.