അപകടത്തിൽ പരിക്കേറ്റവരെ ജീപ്പിൽ കയറ്റിയില്ല; രണ്ടു പോലീസുകാർക്ക് സസ്പെൻഷൻ
Friday, November 24, 2023 3:00 PM IST
കട്ടപ്പന: ബൈക്കപകടത്തിൽ പരുക്കേറ്റവരെ ജീപ്പിൽ കയറ്റാതെ പോയ സംഭവത്തിൽ രണ്ടു പോലീസുകാർക്ക് സസ്പെൻഷൻ. ഇടുക്കി കട്ടപ്പനയിൽ ശനിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലെ സിപിഒമാരായ എം. ആസാദ്, കെ.ആർ. അജീഷ് എന്നിവർക്കെതിരെയാണ് നടപടി
പള്ളിക്കവലയിൽ വച്ച് ശനിയാഴ്ച രാത്രി ദിശ തെറ്റിയെത്തിയ പിക്കപ്പ് വാൻ സ്കൂട്ടറിലിടിച്ചാണ് അപകടമുണ്ടായത്. കാഞ്ചിയാർ ചൂരക്കാട്ട് ജൂബിൻ ബിജു(21), ഇരട്ടയാർ എരുമച്ചാടത്ത് അഖിൽ ആന്റണി(23) എന്നിവർക്കാണ് പരുക്കേറ്റത്.
അപകടം നടന്നതിന് തൊട്ടുപിന്നാലെ നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലെ ജീപ്പ് അതുവഴി എത്തിയിരുന്നു. പരിക്കേറ്റ യുവാക്കളെ നാട്ടുകാർ ജീപ്പിൽ കയറ്റാൻ ശ്രമിച്ചെങ്കിലും പോലീസുകാർ സമ്മതിച്ചില്ല. ഓട്ടോറിക്ഷ പിടിച്ച് ആശുപത്രിയിലെത്തിക്കാനാണ് ഇവർ നാട്ടുകാരോട് പറഞ്ഞത്.
സംഭവം വലിയ വിവാദമായതോടെ ഇടുക്കി ജില്ലാ പോലീസ് മേധാവി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കട്ടപ്പന ഡിവൈഎസ്പിക്ക് നിർദേശം നല്കി. ആസാദിനും അജീഷിനും വീഴ്ച സംഭവിച്ചതായുള്ള അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഇരുവരെയും സസ്പെൻഡ് ചെയ്തത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ അഖിലും ജൂബിനും ആശുപത്രിയിൽ ചികിത്സയിലാണ്.