പാക്കിസ്ഥാൻ കാഷ്മീരിലേക്ക് വിദേശ ഭീകരരെ അയക്കുന്നു: സൈന്യം
Friday, November 24, 2023 4:56 PM IST
ശ്രീനഗർ: പാക്കിസ്ഥാൻ, ജമ്മുകാഷ്മീരിലേക്ക് വിദേശഭീകരരെ അയക്കുന്നുവെന്ന് സൈന്യം. ഇന്ത്യൻ ആർമി കമാൻഡർ ലഫ്റ്റനന്റ് ജനറൽ ഉപേന്ദ്ര ദ്വിവേദിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
രജൗരി ജില്ലയിലെ ബാജിമാൾ മേഖലയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട രണ്ട് ക്യാപ്റ്റൻമാർ ഉൾപ്പെടെ അഞ്ച് സൈനികർക്ക് അന്തിമോപചാരം അർപ്പിച്ച ശേഷം മാധ്യപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊല്ലപ്പെട്ട ഭീകരർ പാക്കിസ്ഥാൻ സൈന്യത്തിലെ വിരമിച്ച സൈനികരാണെന്ന് കണ്ടെത്തി. പ്രാദേശിക ജനതയുടെ പിന്തുണയില്ലാത്തതിനാൽ വിദേശ ഭീകരരെ ഈ മേഖലയിലേക്ക് തള്ളിവിടാൻ പാകിസ്ഥാൻ ശ്രമിക്കുകയാണ്. അതിർത്തി ജില്ലകളായ രജൗരിയിൽ നിന്നും പൂഞ്ചൽ നിന്നും ഭീകരരെ തുരത്താനുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, കഴിഞ്ഞ ദിവസമുണ്ടായഏറ്റുമുട്ടലിൽ അഫ്ഗാനിസ്ഥാനിൽ പരിശീലനം നേടിയ ലഷ്കർ ഇ തയ്ബ കമാൻഡർ ക്വാറി ഉൾപ്പെടെ രണ്ട് ഭീകരരെ സുരക്ഷാ സേന ഏറ്റുമുട്ടലിൽ വധിച്ചിരുന്നു.