ഓർമകൾ ഒഴുകിയെത്തി, സങ്കടക്കടലിലായി ഭരണങ്ങാനം; ഹെലന് യാത്രാമൊഴി
Friday, November 24, 2023 7:46 PM IST
പാലാ: ഓർമകൾ ഒഴുകിയെത്തിയപ്പോൾ ഹെലന്റെ ചേതനയറ്റ ശരീരത്തിലേക്കു നോക്കാനാവാതെ കൂട്ടുകാരും അധ്യാപകരും സങ്കടത്തിന്റെ നിലയില്ലാക്കയത്തിലായി. ഒഴുക്കിൽപ്പെട്ട് മരിച്ച ഹെലൻ അലക്സി(13)ന്റെ മൃതദേഹം പൊതുദർശനത്തിന് എത്തിച്ചപ്പോൾ വൈകാരിക രംഗങ്ങൾക്കാണ് ഭരണങ്ങാനം എസ്എച്ച്ജിഎച്ച്എസ് സ്കൂൾ സാക്ഷിയായത്.
സ്കൂളിലെ പൊതുദർശനത്തിന് ശേഷം വീട്ടിൽ എത്തിച്ച മൃതദേഹം ഒരുനോക്ക് കാണാൻ നൂറുകണക്കിന് പേരാണ് ഒഴുകിയെത്തിയത്. ഉച്ചകഴിഞ്ഞ് മൂന്നിന് ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോന പള്ളിയിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിലാണ് ഹെലന്റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായത്.
എട്ടാം ക്ലാസ് വിദ്യാർഥിനിയായ ഹെലൻ ബുധനാഴ്ച സ്കൂളിൽനിന്നു വീട്ടിലേക്കു മടങ്ങുമ്പോൾ ചിറ്റാനപ്പാറയ്ക്കു സമീപം തോട്ടിലേക്കു കാൽവഴുതി വീഴുകയായിരുന്നു. സംഭവ സ്ഥലത്തുനിന്ന് 23 കിലോമീറ്ററോളം അകലെനിന്നാണ് മൃതദേഹം കണ്ടെത്തിയത്.
വ്യാഴാഴ്ച വൈകിട്ട് മൂന്നിന് ഏറ്റുമാനൂർ പേരൂരിലെ വേണാട്ടുമാലി പഞ്ചായത്തു കടവിൽനിന്നാണ് മൃതദേഹം കിട്ടിയത്. മൃതദേഹം ആറ്റിലൂടെ ഒഴുകിവരികയായിരുന്നു. ഹെലന്റെ ഒപ്പമുണ്ടായിരുന്ന നിവേദ്യ എന്ന കുട്ടിയെ നാട്ടുകാർ രക്ഷപ്പെടുത്തിയിരുന്നു.
ബുധനാഴ്ച രാത്രിവരെ നീണ്ട തെരച്ചിലിൽ ഹെലനെ കണ്ടെത്താനായില്ല. വ്യാഴാഴ്ചയും തെരച്ചിൽ തുടരുന്നതിനിടെയാണ് മൃതദേഹം പേരൂരിൽ കണ്ടെത്തിയത്.
ഭരണങ്ങാനം ചിറ്റാനപ്പാറ പൊരിയത്ത് അലക്സ് (സിബിച്ചൻ) - മഞ്ജു ദമ്പതികളുടെ മകളാണ് മരിച്ച ഹെലൻ. സഹോദരൻ: അലൻ.