തലശേരി മസാജിംഗ്; പൂട്ടിയ കേന്ദ്രത്തിൽ കണ്ടെത്തിയത് ആറു യുവതികളെ
Saturday, November 25, 2023 8:04 PM IST
കണ്ണൂർ: തലശേരി നഗരമധ്യത്തിലെ തിരുമ്മൽ ചികിത്സാ കേന്ദ്രത്തിൽ പോലീസ് പരിശോധന നടത്തിയപ്പോൾ കണ്ടെത്തിയത് അയൽ സംസ്ഥാനക്കാരായ ആറ് യുവതികളെ. ഇവർക്കാർക്കും തിരിച്ചറിയൽ രേഖകളോ തിരുമ്മൽ നടത്തുന്നതിനുള്ള യോഗ്യതകളോ ഇല്ലെന്ന് പോലീസ് പറഞ്ഞു.
പരിശോധന നടത്തുന്പോൾ തിരുമ്മലിനു തയാറെടുത്ത് അർധനഗ്നനായി കിടക്കുകയായിരുന്ന ധർമടം സ്വദേശിയായ യുവാവ് പോലീസിനെ കണ്ട് ഓടിരക്ഷപ്പെട്ടു. അനധികൃതമായാണ് തിരുമ്മൽ കേന്ദ്രം പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തിയതിനെത്തുടർന്ന് എൻസിസി റോഡിലെ ലോട്ടസ് സ്പാ അടച്ചുപൂട്ടി. നേരത്തേ പീഡന പരാതിയെ തുടർന്ന് ഈ സ്ഥാപനം അടച്ചുപൂട്ടിയിരുന്നു. പിന്നീട് വീണ്ടും തുറക്കുകയായിരുന്നു.
സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്റെ നേതൃത്വത്തിലാണ് മിന്നൽ പരിശോധന നടത്തിയത്. ജൂലൈ മാസത്തിൽ ഈ സ്ഥാപനത്തിലെ ജീവനക്കാരി പീഡനശ്രമത്തിനു വിധേയമാകുകയും പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
സ്ഥാപനത്തിന്റെ മാനേജർ ഉൾപ്പെടെ അറസ്റ്റിലായ സംഭവത്തെത്തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ സ്ഥാപനം അനാശാസ്യ കേന്ദ്രമാണെന്ന് കണ്ടെത്തുകയും ഇൻസ്പെക്ടർ എം. അനിലിന്റെ നേതൃത്വത്തിൽ പോലീസ് ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിക്ക് റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു.
തുടർന്ന് മജിസ്ട്രേറ്റിന്റെ നിർദ്ദേശ പ്രകാരം പോലീസ് സബ് കളക്ടർക്ക് സംഭവം റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കൂടിയായ സബ് കളക്ടർ സ്ഥാപനത്തിൽ പരിശോധന നടത്തിയത്.
കൂടാതെ ചികിത്സക്കെത്തിയവരുടെ പേരു വിവരം അടങ്ങിയ രജിസ്റ്ററോ പണം വാങ്ങിയതിന്റെ രേഖകളോ സ്ഥാപനത്തിൽ ഉണ്ടായിരുന്നില്ല. സമാനമായി രീതിയിൽ മൂന്നു സ്ഥാപനങ്ങൾ കൂടി നഗരത്തിൽ പ്രവർത്തിക്കുന്നതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഈ സ്ഥാപനങ്ങളും നിരീക്ഷണത്തിലാണ്.