ചാവക്കാട് വൻ സ്പിരിറ്റ് വേട്ട: രണ്ട് ബിജെപി പ്രവർത്തകർ അറസ്റ്റിൽ
Saturday, November 25, 2023 8:16 PM IST
തൃശൂർ: ചാവക്കാട് വൻ സ്പിരിറ്റ് വേട്ട. തൃശൂരിലേക്ക് കടത്താൻ ശ്രമിച്ച 1,376 ലിറ്റർ സ്പിരിറ്റ് പിടികൂടി. സ്പിരിറ്റ് കടത്തിയ വാഹനത്തിലുണ്ടായിരുന്ന കണ്ണൂർ തളിപ്പറന്പ് ചുഴലികൂനം താഴത്തെപുരയിൽ നവീൻകുമാർ, പന്നിയൂർ മഴൂർ പെരുപുരയിൽ വീട്ടിൽ ലിനേഷ് എന്നിവരാണ് അറസ്റ്റിലായത്. ബിജെപി ചെങ്ങളായി മണ്ഡലം പ്രസിഡന്റാണ് നവീൻ കുമാർ. ലിനേഷും സജീവ ബിജെപി പ്രവർത്തകനാണ്. ഇവരെ ചോദ്യം ചെയ്യുകയാണ്.
കർണാടകത്തിൽനിന്നു കടത്തിയതാണ് സ്പിരിറ്റ്. മിനി ലോറിയിൽ 35 ലിറ്റർ കൊള്ളുന്ന 43 പ്ലാസ്റ്റിക് കാനുകളിൽ 32 ലിറ്റർ വീതമാണ് സ്പിരിറ്റ് ഉണ്ടായിരുന്നത്. ചകിരിയിൽ ഒളിപ്പിച്ച നിലയിലാണ് സ്പിരിറ്റ് കടത്തിയിരുന്നത്.
രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് എൻഫോസ്മെന്റും സ്പെഷ്യൽ സ്ക്വാഡും നിരീക്ഷിച്ചാണ് ചാവക്കാട് എടക്കഴിയൂർ ചങ്ങാടം റോഡിൽ നിന്നും സംഘത്തെ പിടികൂടിയത്. തൃശൂരിലേക്കുള്ളതായിരുന്നോ അതോ മറ്റിടങ്ങളിലേക്കുള്ളതാണോ എന്ന് പരിശോധിക്കുകയാണ്.
ക്രിസ്തുമസ്, പുതുവർഷം ആഘോഷങ്ങൾക്കായി വൻ തോതിൽ ലഹരികടത്തിന് സാധ്യതയുണ്ടെന്ന് ഇന്റലിജന്റ്സ് റിപ്പോർട്ടിനെ തുടർന്ന് ശക്തമായ നിരീക്ഷണത്തിലാണ് എക്സൈസ്.