ടിൻഡറിൽ " കോടീശ്വരനായി' യുവതിയ്ക്കു മുന്പിൽ അവതരിച്ചു; യുവതിയും കൂട്ടാളികളും പണത്തിനായി തട്ടിക്കൊണ്ടു പോയി കൊന്നു
Sunday, November 26, 2023 6:40 AM IST
ന്യൂഡൽഹി: ടിൻഡറിലൂടെ പരിചയപ്പെട്ട 28കാരനെ യുവതിയും കൂട്ടാളികളും തട്ടിക്കൊണ്ടു പോയി കൊന്നു കളഞ്ഞ സംഭവത്തിൽ പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി. ദുഷ്യന്ത് ശർമയെ കൊലപ്പെടുത്തിയ കേസിലെ മൂന്ന് പ്രതികൾക്കും ജയ്പൂർ കോടതി ജീവപര്യന്തം തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്.
2018ലാണ് കേസിനാസ്പദമായ സംഭവം. 28കാരനായ ദുഷ്യന്ത് ശർമയാണ് കൊല്ലപ്പെട്ടത്. ഡേറ്റിംഗ് ആപ്പായ ടിൻഡറിലൂടെയാണ് ദുഷ്യന്ത് പ്രിയ സേത്ത് എന്ന യുവതിയെ പരിചയപ്പെട്ടത്.
വിവാഹിതനായ ദുഷ്യന്ത് വിവാൻ കോലി എന്നാണ് തന്റെ പേരെന്നും കോടീശ്വരനായ ബിസിനസുകാരനാണെന്നും പ്രിയയോട് കള്ളം പറഞ്ഞു.
ദുഷ്യന്ത് കോടീശ്വരനാണെന്ന് കരുതിയ പ്രിയ പണത്തിനായി ഇയാളെ തട്ടിക്കൊണ്ടുപോരാൻ പദ്ധതിയിടുകയായിരുന്നു. വാടക മുറിയിലാണ് ഇരുവരും കണ്ടുമുട്ടിയത്. ദുഷ്യന്തിനെ തട്ടിക്കൊണ്ടുപോയി പണം തട്ടുക എന്ന ലക്ഷ്യത്തോടെ മാത്രമായിരുന്നു പ്രിയ എത്തിയത്.
തന്റെ സുഹൃത്തുക്കളായ ദീക്ഷന്ത് കമ്രയുടെയും ലക്ഷ്യ വാലിയയുടെയും സഹായത്തോടെ ദുഷ്യന്ത് വീട്ടിലേക്ക് കയറിയ ഉടൻ തന്നെ തട്ടിക്കൊണ്ടുപോവുകയായിരുന്നു.
മോചനദ്രവ്യത്തിനായി വിളിച്ചപ്പോഴാണ് ഡൽഹി വ്യവസായി സമ്പന്നനല്ലെന്ന് അവർക്ക് മനസിലായത്. ദുഷ്യന്തിന്റെ കുടുംബം 10 ലക്ഷം രൂപ നൽകാത്തതിനെ തുടർന്ന് പ്രതികൾ ദുഷ്യന്തിനെ കുത്തിയും തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തുകയായിരുന്നു.
'പാപ്പാ, അവർ എന്നെ കൊല്ലും, അവർക്ക് 10 ലക്ഷം രൂപ നൽകി എന്നെ രക്ഷിക്കൂവെന്ന് ദുഷ്യന്ത് ഫോണിലൂടെ പറഞ്ഞതായി ദുഷ്യന്തിന്റെ അച്ഛൻ രാമേശ്വർ പ്രസാദ് ശർമ ആക്ടിവിസ്റ്റ് ദീപിക നാരായൺ ഭരദ്വാജിനോട് പറഞ്ഞു.
പ്രിയ ദുഷ്യന്തിന്റെ ഡെബിറ്റ് കാർഡ് വാങ്ങി 20,000 രൂപ പിൻവലിച്ചു. തങ്ങളുടെ കുറ്റകൃത്യം പുറത്തുവരുമെന്ന് ഭയന്ന് മൂന്ന് പ്രതികളും ദുഷ്യന്തിനെ കൊലപ്പെടുത്തുകയായിരുന്നു. 2018 മെയ് നാലിന് ജയ്പൂരിന് പുറത്തുള്ള ഒരു ഗ്രാമത്തിൽ സ്യൂട്ട്കേസിൽ നിറച്ച നിലയിൽ ദുഷ്യന്തിന്റെ മൃതദേഹം കണ്ടെത്തി.
എന്നാൽ അധികം വൈകാതെ പോലീസ് മൂന്ന് പ്രതികളെയും പിടികൂടി. പിന്നാലെ പ്രിയ സേത്ത് കുറ്റം സമ്മതിച്ചു. പ്രിയ ദീക്ഷന്തുമായി ലിവ്-ഇൻ ബന്ധത്തിലായിരുന്നു. ദീക്ഷന്തിന് 21 ലക്ഷം രൂപ കടമുണ്ടായിരുന്നു. ആ പണത്തിനായാണ് ദുഷ്യന്തിനെ തട്ടിക്കൊണ്ടുപോയത്.
പണം കിട്ടുന്നതിന് മുമ്പേ ദുഷ്യന്തിനെ ഇവർ കൊലപ്പെടുത്തി. ആദ്യം കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ചുവെങ്കിലും പിന്നീട് കഴുത്തറക്കുകയായിരുന്നു. ദീക്ഷന്താണ് കൊല ചെയ്തത്.
വസ്തുതകൾ ആധികാരികമാക്കാൻ മതിയായ തെളിവുകൾ പ്രോസിക്യൂഷൻ ഹാജരാക്കിയതായി സെഷൻസ് ജഡ്ജി അജിത് കുമാർ ഹിംഗർ തന്റെ ഉത്തരവിൽ പറഞ്ഞു.