അപകടത്തിൽപെട്ട കാർ യാത്രികന് രക്ഷകനായി ഷമി; വീഡിയോ പങ്കുവച്ച് താരം
Sunday, November 26, 2023 12:43 PM IST
നൈനിറ്റാൾ: അപകടത്തിൽപെട്ട കാർ യാത്രികന് രക്ഷകനായി ഇന്ത്യൻ പേസ് ബൗളർ മുഹമ്മദ് ഷമി. ഉത്തരാഖണ്ഡിലെ നൈനിറ്റാളിലാണ് സംഭവം. ഷമിയുടെ വാഹനത്തിന്റെ തൊട്ടുമുന്നിലായി കുന്നിൻമുകളിൽ നിന്ന് മറ്റൊരു കാർ വീഴുകയായിരുന്നു.
ഉടൻതന്നെ താരവും കൂടെയുണ്ടായിരുന്നവരും ചേർന്ന് കാർ യാത്രികനെ പുറത്തെത്തിച്ചു. സമയോചിതമായ ഇടപെടൽ മൂലം അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായെന്ന് ഷമി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. രക്ഷാപ്രവർത്തനത്തിന്റെ വീഡിയോയും താരം പങ്കുവച്ചിട്ടുണ്ട്.
"അദ്ദേഹം എത്ര ഭാഗ്യവാനാണ്. ദൈവം അദ്ദേഹത്തിന് രണ്ടാം ജീവൻ നൽകി. അദ്ദേഹത്തിന്റെ കാർ നൈനിറ്റാളിനടുത്തുള്ള കുന്നിൻമുകളിലെ റോഡിൽ നിന്ന് എന്റെ കാറിനു തൊട്ടുമുന്നിലേക്ക് വീണു. ഞങ്ങൾ അദ്ദേഹത്തെ വളരെ സുരക്ഷിതമായി പുറത്തെടുത്തു.'- ഷമി വീഡിയോയ്ക്കൊപ്പം കുറിച്ചു.