സംവരണം ലഭിച്ചുകൊണ്ടിരിക്കുന്ന വിഭാഗത്തിന് സംവരണം കുറയുമെന്ന ആശങ്ക വേണ്ട: മുഖ്യമന്ത്രി
Sunday, November 26, 2023 6:24 PM IST
തിരുവനന്തപുരം: നിലവിൽ സംവരണം ലഭിച്ചുകൊണ്ടിരിക്കുന്ന ഏതെങ്കിലും വിഭാഗത്തിന് അവർക്കുള്ള സംവരണം കുറയുമെന്ന ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
സംവരണം ലഭിക്കുന്ന ഏതെങ്കിലും വിഭാഗത്തിന്റെ സംവരണം കുറയ്ക്കുക എന്ന നയം സർക്കാരിനില്ല. പുതിയ ചില വിഭാഗങ്ങൾ സംവരണത്തിലേക്ക് വരും. അങ്ങനെ വരുമ്പോൾ ആ വിഭാഗത്തിൽ സംവരണം ലഭിച്ചുകൊണ്ടിരിക്കുന്നവരുടെ എണ്ണം കൂടുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
അതാത് സമിതിയുടെ നിർദേശമനുസരിച്ചു എല്ലാവരുമായും ആലോചിച്ചാണ് പുതിയ വിഭാഗത്തെ സംവരണത്തിലേക്ക് കൊണ്ടുവരിക. അത് സ്വഭാവികമാണ്, അതിന് നിയതമായ രീതികളും ഉണ്ട്.
ജാതി അടിസ്ഥാനത്തിൽ മാത്രം അല്ലാത്ത സംവരണം കേരളത്തിന്റെ പ്രത്യേകതയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വ്യവസ്ഥാപിതമായ രീതിയിലാണ് സംസ്ഥാനത്തു സംവരണം നടപ്പാക്കുന്നത്. ഇതും കേരളത്തിന്റെ മാത്രം പ്രത്യേകതയാണ്.
സംവരണ വിഷയം ധൃതി കാണിക്കേണ്ട ഒന്നല്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നിലവിലെ സംവരണ രീതി മാറ്റണം എന്ന ആവശ്യമൊക്കെ ഉയരുന്നുണ്ടെങ്കിലും സംവരണത്തിൽ തൊട്ടുകളി വേണ്ട എന്നതാണ് പൊതുവിൽ സർക്കാർ സ്വീകരിച്ച നിലപാടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.