മയക്കുമരുന്നുമായി യുവതിയും യുവാവും കോട്ടയത്ത് പിടിയിൽ
Monday, November 27, 2023 5:13 AM IST
ഏറ്റുമാനൂർ: മാരക മയക്കുമരുന്നിനത്തിൽപ്പെട്ട എംഡിഎംഎയും കഞ്ചാവുമായി തെള്ളകം കാരിത്താസ് ജംഗ്ഷനിൽ എത്തിയ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
പുതുപ്പള്ളി തലപ്പാടി ഭാഗത്ത് പുലിത്തറ കുന്നിൽ ജെബി ജേക്കബ് ജോൺ (29), തൃക്കൊടിത്താനം കോട്ടമുറി കൊളത്തുപ്പടി ഭാഗത്ത് മൂക്കാട്ടുപറമ്പിൽ വീട്ടിൽ എം.ഒ. അശ്വതി (28) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടിയത്.
ഇവർ കാരിത്താസ് ഭാഗത്ത് മയക്കുമരുന്ന് വിൽപ്പനയ്ക്ക് എത്തുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ഏറ്റുമാനൂർ പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് എംഡിഎംഎയും കഞ്ചാവുമായി ഇരുവരും പിടിയിലാവുന്നത്.
ജില്ലാ നാർക്കോട്ടിക് സെല്‍ ഡിവൈഎസ്പി സി. ജോൺ, ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ പ്രസാദ് ഏബ്രഹാം വർഗീസ്, എസ്ഐ എ.ടി. ഷാജിമോൻ എന്നിവരും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളുമാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
പ്രതികൾക്ക് എംഡിഎംഎ എത്തിച്ചുകൊടുക്കുന്നവരെപ്പറ്റി അന്വേഷിച്ചു വരികയാണെന്ന് പോലീസ് അധികൃതർ പറഞ്ഞു.