സ്വർണം വേണ്ടാത്ത കള്ളൻ! എടുത്തത് കുടുക്കയും മദ്യവും: "കൗതുക മോഷണം' കൊല്ലത്ത്
വെബ് ഡെസ്ക്
Monday, November 27, 2023 6:23 AM IST
കൊല്ലം: വീട്ടിലിരുന്ന സ്വർണം മോഷ്ടിക്കാതെ രണ്ട് കുപ്പി മദ്യവും പണക്കുടുക്കയും മാത്രമെടുത്ത് മോഷ്ടാവ്. കൊല്ലം ചിതറയിലാണ് സംഭവം. ചുമടുതാങ്ങി സ്വദേശി അംബികയുടെ വീട്ടിലാണ് വിചിത്രമായ രീതിയിലുള്ള മോഷണം നടന്നത്. സംഭവസമയം അംബിക തിരുവനന്തപുരത്തെ കുടുംബ വീട്ടിലേക്കും മകൻ ശബരിമലയിൽ തീർത്ഥാടനത്തിനും പോയിരിക്കുകയായിരുന്നു.
ഈ വീടിനടുത്തുള്ള റബർ തോട്ടത്തിൽ ജോലിക്കെത്തിയ സ്ത്രീയാണ് മുൻഭാഗത്തെ വാതിൽ കുത്തിത്തുറന്ന നിലയിൽ കണ്ടത്. ഉടൻ നാട്ടുകാരേയും വീട്ടുകാരേയും പോലീസിനേയും ഇക്കാര്യമറിയിച്ചു.
നാലരപ്പവൻ സ്വർണം മോഷണം പോയെന്നായിരുന്നു ആദ്യം പരാതി. മാത്രമല്ല മോഷണം നടന്ന മുറിയിൽ വസ്ത്രങ്ങൾ വാരിവലിച്ചിട്ട നിലയിലായിരുന്നു. എന്നാൽ ഇതിനിടയിൽ നിന്നും പരിശോധനയ്ക്കിടെ സ്വർണം കിട്ടി. വിരലടയാള വിദഗ്ധർക്കാണ് സ്വർണം ലഭിച്ചത്.
പിന്നീടാണ് ഇവിടെയുണ്ടായിരുന്ന പണക്കുടുക്കയും രണ്ട് കുപ്പി മദ്യവുമാണ് മോഷ്ടാവ് എടുത്തതെന്ന് വ്യക്തമായത്. ആകെ മൂന്ന് കുപ്പി മദ്യവും രണ്ട് കുപ്പി ബിയറുമാണ് ഇവിടെയുണ്ടായിരുന്നത്.
ഇതിൽ ഒരു കുപ്പി ബിയറും അരക്കുപ്പി മദ്യവും വീട്ടിൽ വച്ച് തന്നെ കുടിച്ച് തീർത്തു. ഇവരുമായി പരിചയമുള്ള ആൾ തന്നെയാകാം മോഷണത്തിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നതായും സൂചനയുണ്ട്.