ബിആര്‍എസിന് തിരിച്ചടി; തെലുങ്കാനയില്‍ റൈത്തു ബന്ധു പദ്ധതി വഴിയുള്ള ധനവിതരണം തടഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷന്
Monday, November 27, 2023 1:32 PM IST
ഹൈദരാബാദ്: തെലുങ്കാനയില്‍ ബിആര്‍എസിന് തിരിച്ചടി. റൈത്തു ബന്ധു ക്ഷേമപദ്ധതി വഴി കര്‍ഷകര്‍ക്ക് പണം വിതരണം ചെയ്യുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന് തടഞ്ഞു.
പദ്ധതിയുടെ ഭാഗമായുള്ള ധനവിതരണം ചൊവ്വാഴ്ച നടത്തുമെന്ന് ധനമന്ത്രി ടി.ഹരീഷ് റാവു നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഇത് ചട്ടലംഘനമാണെന്ന് കാട്ടിയാണ് കമ്മീഷന്റെ നടപടി. തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ ധനവിതരണം നിര്‍ത്തിവയ്ക്കണമെന്നാണ് നിര്‍ദേശം.
ഈ മാസം 28ന് റൈത്തു ബന്ധു പദ്ധതിവഴിയുള്ള പണം അക്കൗണ്ടില്‍ എത്തിയതായി മൊബൈല്‍ ഫോണില്‍ നോട്ടിഫിക്കേന്‍ വരുമെന്നും അതിന് ശേഷം വോട്ട് ചെയ്ത് തങ്ങളെ അനുഗ്രഹിക്കണമെന്നുമായിരുന്നു തെരഞ്ഞെടുപ്പ് റാലിയില്‍ ഹരീഷ് റാവു നടത്തിയ പരാമര്‍ശം. സംഭവം വിവാദമായതോടെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുകയായിരുന്നു.
അതേസമയം കമ്മീഷന് നടപടി സ്വീകരിച്ചതോടെ കര്‍ഷകര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ കോണ്‍ഗ്രസ് തടഞ്ഞ് വയ്ക്കുകയാണെന്ന് ബിആര്‍എസ് നേതാക്കള്‍ ആരോപിച്ചു.