ഹൈദരാബാദിനെ "ഭാഗ്യനഗർ' ആക്കും; കിഷൻ റെഡ്ഡി
Monday, November 27, 2023 8:03 PM IST
ഹൈദരാബാദ്: ബിജെപി അധികാരത്തിലെത്തിയാൽ ഹൈദരാബാദിനെ "ഭാഗ്യനഗർ' ആക്കുമെന്ന് കേന്ദ്രമന്ത്രിയും തെലങ്കാന ബിജെപി അധ്യക്ഷനുമായ കിഷൻ റെഡ്ഡി. 30ന് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന തെലങ്കാനയിലെ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തിലാണ് പേരുമാറ്റൽ നടത്തുമെന്ന പ്രഖ്യാപനം കേന്ദ്രമന്ത്രി നടത്തിയത്.
മുൻപും ഇന്ത്യയിലെ പല സ്ഥലങ്ങളുടെയും പേര് മാറ്റിയിട്ടുണ്ട്. കൽക്കട്ട കോൽക്കത്ത ആയില്ലേ, ബോംബെ മുംബൈ ആയില്ലേയെന്നും അദ്ദേഹം ചോദിച്ചു. മദ്രാസ് ചെന്നൈ ആക്കിയത് ബിജെപി അല്ല ഡിഎംകെ ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിദഗ്ദ ഉപദേശം തേടിയായിരിക്കും ഇക്കാര്യത്തിൽ തീരുമാനമെടുക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തെലങ്കാനയിൽ പ്രചരണത്തിനെത്തിയ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഹൈദരാബാദിനെ ഭാഗ്യനഗർ ആക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ത്രികോണ മത്സരം പ്രവചിക്കുന്ന തെലങ്കാന ആര് ഭരിക്കുമെന്ന് ഡിസംബർ മൂന്നിന് അറിയാം.