ഭരണവിരുദ്ധമല്ല, ഭരണാനുകൂല വികാരം; വിജയത്തെക്കുറിച്ച് ശിവരാജ് സിംഗ് ചൗഹാന്
Monday, December 4, 2023 3:32 AM IST
ന്യൂഡല്‍ഹി: ഭരണവിരുദ്ധ വികാരമുണ്ടാവുമെന്ന സംശയങ്ങളെ കാറ്റില്‍ പറത്തിയാണ് മധ്യപ്രദേശില്‍ ബിജെപി ഭരണത്തുടര്‍ച്ച നേടിയത്.
തെരഞ്ഞെടുപ്പിലെ മിന്നുന്ന വിജയത്തിനു ശേഷം ഒരു ദേശീയ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് പറഞ്ഞത് സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്നും ഭരണാനുകൂല വികാരമാണുള്ളതെന്നുമായിരുന്നു. ആകെയുള്ള 230 സീറ്റുകളില്‍ 163 സീറ്റുകള്‍ ബിജെപി നേടിയപ്പോള്‍ കോണ്‍ഗ്രസ് 66 സീറ്റുകളില്‍ ഒതുങ്ങി.
'' പ്രധാനമന്ത്രി നരേന്ദ്രമോദി മധ്യപ്രദേശിലെ ജനങ്ങളുടെ ഹൃദയത്തിലുണ്ട്. ഡബിള്‍ എഞ്ചിന് സര്‍ക്കാരാണ് ഈ ഉദ്യമം ഭംഗിയായി നിര്‍വഹിച്ചത്. കേന്ദ്രമോ സംസ്ഥാനമോ ആയിക്കോട്ടെ, ലഡ്ലി പദ്ധതി പോലുള്ളവ ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ അവരെ സഹായിക്കുന്നു. അതിനായി ഞങ്ങളെല്ലാവരും ഒറ്റക്കെട്ടായി കഠിനാധ്വാനം ചെയ്യുന്നു'' ചൗഹാന് പറഞ്ഞു.
ജനങ്ങളുടെ ഇടയില്‍ ഭരണവിരുദ്ധ വികാരം ചെറുതായി പോലുമുണ്ടായിരുന്നില്ലെന്നും, ഉണ്ടായിരുന്നത് ഭരണാനുകൂല വികാരമാണെന്നും ചൗഹാന് വ്യക്തമാക്കി. ചില കോണ്‍ഗ്രസ് നേതാക്കള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ നോക്കിയെന്നും എന്നാല്‍ ജനങ്ങള്‍ തങ്ങള്‍ക്കൊപ്പം ഉറച്ചു നിന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലഡ്ലി ബഹനാ പദ്ധതി ഉള്‍പ്പെടെയുള്ള വികസന പദ്ധതികളിലൂന്നിയുള്ള പ്രചാരണത്തിലൂടെ ജനങ്ങളുമായി വൈകാരികബന്ധം സ്ഥാപിക്കാനും എതിരാളികളുടെ വായടപ്പിക്കാനും ചൗഹാന് കഴിഞ്ഞു.
ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ഒരിടത്തും മുഖ്യമന്ത്രി സ്ഥാനാര്‍ഥികളുടെ പേരൂന്നിയുള്ള പ്രചരണം നടത്താന്‍ ബിജെപി മിനക്കെട്ടില്ല എന്നത് ശ്രദ്ധേയമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന നയങ്ങള്‍ ജനങ്ങള്‍ സ്വീകരിച്ചുവെന്നത് അടിവരയിടുന്നതാണ് ഈ തെരഞ്ഞെടുപ്പ് ഫലം.