ശബരിമല തീര്‍ഥാടകരുടെ വാഹനം അപകടത്തില്‍പ്പെട്ടു; അഞ്ച് പേര്‍ക്ക് പരിക്ക്
Monday, December 4, 2023 8:33 PM IST
പൊൻകുന്നം: ചെറുവള്ളി കാവുംഭാഗത്തിന് സമീപം കർണാടക സ്വദേശികളായ ശബരിമലതീർഥാടകരുടെ കാർ മറിഞ്ഞ് അഞ്ചുപേർക്ക് പരിക്കേറ്റു.
സാരമായി പരിക്കേറ്റ കർണാടക ബെല്ലാരി ഹർപ്പന തോടൂർ കെഞ്ചപ്പ (23), ഉജ്ജൈൻ ആലപ്പ പരശുരാമൻ (37), ദാവൻഗരെ ഹർപ്പനഹള്ളി ഉച്ചങ്കിദുർഗ സ്വദേശി ബി. നവീൻ(25), ഉജ്ജൈൻ സ്വദേശികളായ കിരൺ(28), രോഹിത്(24) എന്നിവരെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
പരിക്കേറ്റ ഇവരെ ആദ്യം പൊൻകുന്നം അരവിന്ദ ആശുപത്രി, കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.
ഇന്നലെ വൈകുന്നേരം അഞ്ചിന് പൊൻകുന്നം - പുനലൂർ ഹൈവേയിൽ ചെറുവള്ളിയിലായിരുന്നു അപകടം. പരശുരാമനാണ് കാർ ഓടിച്ചിരുന്നത്.
ഡ്രൈവർ ഉറങ്ങിപ്പോയതിനാലാണ് അപകടമെന്ന് കരുതുന്നു. റോഡിൽ നിന്ന് നിയന്ത്രണം വിട്ട് സമീപത്തെ പുരയിടത്തിലേക്ക് പതിച്ച കാർ കുറച്ചുദൂരം ഓടിയാണ് മറിഞ്ഞത്.