ധരിച്ചത് മുണ്ടും ഷർട്ടും ആയതിനാൽ കയറ്റിവിട്ടില്ല; കോഹ്ലിയുടെ റസ്റ്ററന്റിനെതിരേ ആരോപണവുമായി യുവാവ്
Monday, December 4, 2023 11:18 PM IST
മുംബൈ:ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുടെ ഉടമസ്ഥതയിലുള്ള റസ്റ്ററന്റിനെതിരേ ഗുരുതര ആരോപണവുമായി യുവാവ്.
മുണ്ടും ഷർട്ടും ധരിച്ചെത്തിയ തനിക്ക് റസ്റ്ററന്റിൽ പ്രവേശനം നിഷേധിച്ചുവെന്നാണ് തമിഴ്നാട് സ്വദേശിയായ യുവാവ് പറയുന്നത്.
ഡ്രസ് കോഡ് പാലിക്കാത്തതിനെ തുടര്‍ന്നാണ് പ്രവേശനം നിഷേധിച്ചതെന്നും യുവാവ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു. മഹാരാഷ്ട്രയിലെ മുംബൈയിലെ കോഹ്ലിയുടെ 'വണ്‍ 8 കമ്യൂണ്‍' എന്ന റസ്റ്ററന്റിന് മുന്നില്‍ നിന്നെടുത്തതാണ് ഈ വീഡിയോ.
ഇത്ര ദൂരം യാത്ര ചെയ്ത് വന്നിട്ടും തന്നെ അകത്തേക്ക് കടത്തിവിട്ടില്ലെന്നും നിരാശയോടെ ഹോട്ടല്‍ റൂമിലേക്ക് തിരിച്ചുപോകുകയാണെന്നും യുവാവ് വീഡിയോയില്‍ പറയുന്നു.
ഞൊടിയിടയിൽ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു. ഇത് വിവേചനമാണെന്ന് അംഗീകരിക്കാനാവില്ലെന്നും ഇതിനു താഴെ നിരവധി ആളുകൾ കമന്റ് ചെയ്തിട്ടുണ്ട്.
റസ്റ്ററന്റിന്റെ ഇൻസ്റ്റഗ്രാം പേജിലെ പോസ്റ്റുകൾക്കു താഴെയും നിരവധി ആളുകൾ ഇക്കാര്യം ചൂണ്ടിക്കാട്ടി കമന്റ് ചെയ്യുന്നുണ്ട്. എന്നാൽ റസ്റ്ററന്റിന്റെ ഭാഗത്തു നിന്ന് ഇതുവരെ ഔദ്യോഗിക പ്രതികരണമൊന്നുമുണ്ടായിട്ടില്ല.
ബാല്യകാല സുഹൃത്തായ വാര്തിക് തിഹാരയുമായി ചേര്‍ന്നാണ് വിരാട് കോഹ്ലി 'വണ്‍ 8 കമ്യൂണ്‍' എന്ന റസ്റ്ററന്റ് ശൃംഖല തുടങ്ങിയത്. ഡല്‍ഹിയില്‍ ആദ്യ റസ്റ്ററന്റ് തുടങ്ങിയ 'വണ്‍ 8 കമ്യൂണ്‍' നിലവില്‍ ജുഹു, പുണെ, കൊല്‍ക്കത്ത, ഡല്‍ഹി മാള്‍ റോഡ്, ഡല്‍ഹി പഞ്ചാബി ബാഗ് എന്നിവിടങ്ങളിലെല്ലാമുണ്ട്.