നവകേരളസദസ് കഴിഞ്ഞാലും പരാതികളുടെ സ്ഥിതി തഥൈവ..? വെബ്സൈറ്റില്‍ ഒരു വിവരവുമില്ല
Tuesday, December 5, 2023 9:27 PM IST
കോഴിക്കോട്: നവകേരള സദസുമായി ബന്ധപ്പെട്ട് മന്ത്രിസഭയുടെ സംസ്ഥാന പര്യടനം പൂര്‍ത്തിയായാലും പരാതികളില്‍ മിക്കതും ഫയലിലുറങ്ങുമെന്ന് ആശങ്ക. ഇതുവരെ മിക്ക പരാതികളുടെയും സ്റ്റാറ്റസ് www.nacakeralasadas.kerala.gov.in ലഭ്യമായിട്ടില്ല.
നവകേരള സദസിന്റെ സൈറ്റില്‍ കയറി ഫോണ്‍ നമ്പറും അപേക്ഷാ നമ്പറും നല്കിയാല് പരാതിയുടെ നിലവിലെ അവസ്ഥ അറിയുമെന്നായിരുന്നു അറിയിച്ചത്. എന്നാല്‍ രണ്ടാഴ്ച കഴിഞ്ഞിട്ടും മിക്കയിടത്തും സൈറ്റില്‍ അപ്ഡഡേഷന് വന്നിട്ടില്ല.
പലപരാതികളും അതാത് ഓഫീസുകളിലേക്ക് അയച്ചു തുടങ്ങിയിട്ടേയുള്ളുവെന്നാണ് അറിയുന്നത്. നവകേരള സദസിന്റെ ഒരുക്കവുമായി ബന്ധപ്പെട്ട് പല ഉദ്യോഗസ്ഥരും തിരക്കിലായിരുന്നു. നവകേരള സദസ് അതാത് ജില്ലകള്‍ വിട്ടതോടെ പലരും "ലീവി'ലാണ്. വര്‍ഷാവസാനം കൂടി കൂടിയാണെന്നതും ഫയല്‍ മെല്ലെപ്പോക്കിന് കാരണമാകുന്നു.
അതേസമയം ലഭിച്ച പരാതികളില്‍ മിക്കതും നേരത്തെതന്നെ അതാത് ഓഫീസുകളില്‍ നിന്നു മറുപടി ലഭിച്ചവയാണെന്നും വീണ്ടും സമാനപരാതികള്‍ തന്നെയാണ് ലഭിച്ചതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ചില പരാതികളാകട്ടെ ബന്ധപ്പെട്ട രേഖകള്‍ അറ്റാച്ച് ചെയ്യാതെയും ലഭിച്ചിട്ടുണ്ട്.
ലൈഫ് ഭവനപദ്ധതിയുമായി ബന്ധപ്പെട്ട ലഭിച്ച പരാതികള്‍ സര്‍ക്കാര്‍തലത്തില്‍ ഫണ്ടില്ലാത്തതു മൂലം നിര്ത്തിവച്ചവയെക്കുറി ച്ചാണ്. ഈ സാഹചര്യത്തില്‍ പരാതികള്‍ പരിഹരിക്കുന്നതിന് സാങ്കേതിക തടസങ്ങള്‍ ഏറെയാണെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
രണ്ടാഴ്ചയ്ക്കകം പരിഹാരം ആയില്ലെങ്കില്‍ സൈറ്റില്‍ തത്സ്ഥിതി അറിയിക്കുമെന്ന സര്‍ക്കാര്‍ വാഗ്ദാനം വെറും തള്ളാകും.