അനന്തരവൻ ആകാശ് ആനന്ദ് രാഷ്ട്രീയ പിൻഗാമി: വൻ പ്രഖ്യാപനവുമായി മായാവതി
Sunday, December 10, 2023 2:20 PM IST
ലക്നോ: ബിഎസ്പി അധ്യക്ഷ മായാവതി തന്റെ അനന്തരവൻ ആകാശ് ആനന്ദിനെ രാഷ്ട്രീയ പിൻഗാമിയായി പ്രഖ്യാപിച്ചു. ഞായറാഴ്ച പാർട്ടി ഭാരവാഹികൾ പങ്കെടുത്ത സുപ്രധാന പാർട്ടി യോഗത്തിലാണ് പ്രഖ്യാപനമുണ്ടായത്.
2019 ലെ മായാവതിയുടെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ ഒരു പ്രധാനമുഖമായിരുന്ന ആകാശ് ആനന്ദ് നിലവിൽ പാർട്ടിയുടെ ദേശീയ കോ-ഓർഡിനേറ്ററാണ്.
കുടുംബരാഷ്ട്രീയത്തിന്റെ വലിയ വിമർശകയായ മായാവതി, 2019-ൽ തന്റെ സഹോദരൻ ആനന്ദ് കുമാറിനെ പാർട്ടിയുടെ ദേശീയ വൈസ് പ്രസിഡന്റായി നിയമിക്കുകയും അനന്തരവൻ ആകാശിനെ ദേശീയ കോ-ഓർഡിനേറ്ററാക്കുകയും ചെയ്തിരുന്നു.
ലണ്ടനിൽ നിന്നുള്ള എംബിഎ ബിരുദധാരിയാണ് 28കാരനായ ആകാശ് ആനന്ദ്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാന്റ് അദ്ദേഹം സജീവരാഷ്ട്രീയത്തിൽ പ്രവേശിച്ചത്. മായാവതിക്കും മറ്റ് ബിഎസ്പി നേതാക്കൾക്കുമൊപ്പം നിരവധി പരിപാടികളിൽ ആകാശ് പങ്കെടുത്തിരുന്നു.
കഴിഞ്ഞ രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിഎസ്പിയുടെ ചുമതലക്കാരനെന്ന നിലയിൽ നിർണായക പങ്ക് വഹിച്ച ആകാശ് മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലും ബിഎസ്പിക്ക് വേണ്ടി വിപുലമായി പ്രവർത്തിച്ചു.
രാജ്യത്തുടനീളം പാർട്ടിയെ ശക്തിപ്പെടുത്താനുള്ള ചുമതല ആനന്ദിന് നൽകിയിട്ടുണ്ടെന്ന് ബിഎസ്പി നേതാവ് ഉദയ്വീർ സിംഗ് പറഞ്ഞു. കഴിഞ്ഞ ദിവസം ലോക്സഭാ എംപി ഡാനിഷ് അലിയെ ബിഎസ്പിയിൽ നിന്ന് സസ്പെൻഡ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഈ പ്രഖ്യാപനം.