യൂത്ത് കോണ്‍ഗ്രസ് ഗുണ്ടാസംഘത്തെപ്പോലെ പെരുമാറുന്നു: മന്ത്രി രാജേഷ്
Monday, December 11, 2023 9:42 AM IST
ഇടുക്കി: യൂത്ത് കോണ്‍ഗ്രസുകാരെയും കെഎസ് യുക്കാരെയും ഗുണ്ടാസംഘത്തെപ്പോലെ അഴിച്ചുവിട്ടിരിക്കുകയാണെന്ന് മന്ത്രി എം.ബി.രാജേഷ്. നവകേരള സദസിൽ ജനമുന്നേറ്റം ഉയര്‍ന്നതോടെയാണ് പ്രതിഷേധത്തിന്റെ സ്വഭാവം മാറിവരുന്നതെന്നും മന്ത്രി പ്രതികരിച്ചു.
സദസ് ബഹിഷ്കരിക്കുമെന്നും കരിങ്കൊടി കാണിക്കാന്‍ തീരുമാനം എടുത്തിട്ടില്ലെന്നുമാണ് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്. എന്നാൽ ഒരോ ദിവസവും സമരത്തിന്റെ രീതി മാറിവരുന്നതാണ് കാണുന്നതെന്നും മന്ത്രി പറഞ്ഞു.
അതേസമയം നവകേരള സദസിന്റെ പ്രഭാതയോഗം രാവിലെ ഒൻപതിന് ഇടുക്കി ചെറുതോണിയില്‍ ചേർന്നു. 11ന് ഇടുക്കി ഐഡിഎ ഗ്രൗണ്ടില്‍ നവകേരള സദസ് നടക്കും.
ഉച്ചതിരിഞ്ഞ് മൂന്നിന് അടിമാലി വിശ്വദീപ്തി ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ സദസ് നടക്കും. വൈകുന്നേരം ആറിന് ഉടുമ്പന്‍ചോലയിലെ നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍സ് സ്കൂള്‍ മൈതാനത്തും സദസ് നടക്കും.