ഷൂ ഏറ് തുടരില്ല, അത് വൈകാരികമായ പ്രതിഷേധം: കെഎസ്യു
Monday, December 11, 2023 10:04 AM IST
കൊച്ചി: നവകേരള സദസിനെതിരായ പ്രതിഷേധത്തില്‍ ഷൂ ഏറ് ഉണ്ടാവില്ലെന്ന് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. ഷൂ ഏറ് വൈകാരികമായ പ്രതിഷേധമാണെന്നും അദ്ദേഹം പ്രതികരിച്ചു.
ഷൂ എറിഞ്ഞുള്ള പ്രതിഷേധം സംഘടനാതലത്തിലുള്ള പ്രതിഷേധമല്ല. എന്നാല്‍ പ്രതിഷേധിച്ചവരെ ഒറ്റപ്പെടുത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നവകേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസിനു നേരെ ഷൂ എറിഞ്ഞ സംഭവത്തില്‍ നാല് കെഎസ്യു പ്രവര്‍ത്തകര്‍ക്കെതിരേ വധശ്രമത്തിന് കേസെടുത്തിരുന്നു. കെഎസ്യു സംസ്ഥാന സെക്രട്ടറി ബേസില്‍ വര്‍ഗീസ്, ദേവകുമാര്‍, ജിബിന്‍, ജെയ്ഡന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.
കുറുപ്പംപടി പോലീസ് ഇവരെ നേരത്തേ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കോതമംഗലത്തേയ്ക്കുള്ള യാത്രയ്ക്കിടെ എറണാകുളം ഓടക്കാലിയിലാണ് ബസിന് നേരെ ഷൂ എറിഞ്ഞത്.
ഇതേത്തുടര്‍ന്ന് പ്രതിഷേധക്കാര്‍ക്കു നേരേ പോലീസ് ലാത്തിവീശി. സ്ഥലത്തുണ്ടായിരുന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധക്കാരെ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു.