ശബരിമല തീർഥാടകരുടെ കാർ ബേക്കറിയിലേക്ക് ഇടിച്ചുകയറി; കടയുടമ മരിച്ചു
Monday, December 11, 2023 10:13 AM IST
തിരുവനന്തപുരം: ശബരിമല തീർഥാടകർ സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് ബേക്കറിയിലേക്ക് ഇടിച്ചുകയറി കടയുടമ മരിച്ചു. കാർ യാത്രികർക്ക് പരിക്കേറ്റു.
വെഞ്ഞാറമൂട് തണ്ട്രാംപൊയ്ക ജംഗ്ഷനു സമീപം പുലർച്ചെ 4.45 നാണ് അപകടമുണ്ടായത്. ആന്ധ്രയിൽ നിന്നുള്ള തീർഥാടകരുമായി കാരേറ്റ് ഭാഗത്തുനിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് നെസ്റ്റ് ബേക്കറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കടയുടമയായ ആലിയാട് സ്വദേശി രമേശൻ (47) സംഭവസ്ഥലത്തുതന്നെ മരിച്ചു. ആന്ധ്രാ സ്വദേശികളുടെ പരുക്ക് ഗുരുതരമല്ല.
ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.