തിരക്കുണ്ട് പക്ഷേ, ഭക്തരെ പരിധിവിട്ട് തടയാനാവില്ല: ദേവസ്വം മന്ത്രി
Monday, December 11, 2023 10:43 AM IST
ശബരിമല: ശബരിമലയിലേക്ക് എത്തുന്ന ഭക്തരെ പരിധിവിട്ട് തടയാനാവില്ലെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ. രജിസ്റ്റർ ചെയ്യാതെയും നിരവധി ഭക്തർ എത്തുന്നുണ്ട്. എല്ലാവരെയും പതിനെട്ടാംപടി കടത്തിയേ മതിയാകൂ. അപ്പോൾ ചില സ്വാഭാവിക നിയന്ത്രണങ്ങൾ വേണ്ടിവരുമെന്നും അത് ഭക്തരും മാധ്യമങ്ങളും മനസിലാക്കണമെന്നും മന്ത്രി പറഞ്ഞു.
പ്രതീക്ഷിക്കുന്നതിനപ്പുറത്തേക്ക് ഭക്തർ വന്നുകൊണ്ടിരിക്കുകയാണ്. ഒരുലക്ഷത്തിലധികം ആളുകൾ എത്തുമ്പോൾ എത്രശ്രമിച്ചാലും 80,000 ലധികം പേരെ കയറ്റുകയെന്നത് വളരെ പ്രയാസമാണ്. തിരക്ക് വരുമെന്ന് മുൻകൂട്ടി കണ്ട് എല്ലാ സൗകര്യങ്ങളും ഒരുക്കിയിരുന്നതാണ്. അതിനപ്പുറത്തേക്ക് വരുമ്പോൾ അതിനെ തരണം ചെയ്യാൻ സംവിധാനങ്ങളുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഭക്തർ പല സ്ഥലങ്ങളിൽ നിന്നുമെത്തുന്നു. എണ്ണം കൂടിയാൽ അതിനെ എങ്ങനെ നമുക്ക് നിയന്ത്രിക്കാനാകും. അപ്പോൾ കുറച്ച് കാത്തുനില്ക്കേണ്ടിവരും. അത് ഇതിന്റെ ഭാഗമാണ്. അത് ഭക്തരും മാധ്യമങ്ങളും മനസിലാക്കണം. ഇനിയുള്ള സാഹചര്യം കൂടി നോക്കിയ ശേഷം ഭക്തരുടെ എണ്ണം വീണ്ടും നിയന്ത്രിക്കുന്ന കാര്യം തീരുമാനിക്കാമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, തിരക്ക് കൂടുതലാണെങ്കിലും കഴിഞ്ഞ ദിവസങ്ങളിലേക്കാൾ ഭേദമാണ് ശബരിമലയിലെ സ്ഥിതി. വേഗത്തിൽ തന്നെ കൂടുതൽ ഭക്തരെ പതിനെട്ടാംപടി കയറ്റിവിടാനാകുന്നുണ്ട്. അതേസമയം, പമ്പയിലും നിലയ്ക്കലിലും കൂടുതൽ സമയം തീർഥാടക വാഹനങ്ങൾ പിടിച്ചിടുന്നത് തുടരുകയാണ്.