തമിഴ്നാട്ടിൽ ഗുഡ്സ് ട്രെയിൻ പാളംതെറ്റി; ട്രെയിൻ സർവീസുകൾ തടസപ്പെട്ടു
Monday, December 11, 2023 11:05 AM IST
ചെന്നൈ: തമിഴ്നാട്ടിലെ ചെങ്കൽപേട്ടിൽ ഗുഡ്സ് ട്രെയിൻ പാളംതെറ്റി അപകടം. തൂത്തുക്കുടിയിൽ നിന്ന് ചെന്നൈ ഹാർബറിലേക്ക് പോവുകയായിരുന്ന ട്രെയിനിന്റെ പത്ത് കോച്ചുകളാണ് ഇന്നു പുലർച്ചെ പാളംതെറ്റിയത്.
38 കോച്ചുകളുള്ള ട്രെയിനിൽ ഇരുമ്പയിര്, ലോഹത്തകിടുകൾ, ഇരുമ്പ് കമ്പികൾ എന്നിവയാണുണ്ടായിരുന്നത്. പാളം തെറ്റുന്നതിനിടെ മെറ്റൽ ചരക്കുകൾ മറിഞ്ഞതിനാൽ റെയിൽ ട്രാക്കുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
റെയിൽവേ അധികൃതർ രക്ഷാപ്രവർത്തനം ഊർജിതമാക്കിയിട്ടുണ്ട്, അപകടത്തിൽ ആർക്കും പരിക്കില്ല. അർധരാത്രി ആയതിനാൽ അധികം ട്രെയിൻ സർവീസുകൾ ഇതുവഴി ഉണ്ടായിരുന്നില്ല.
അതേസമയം, ഇതുവഴിയുള്ള എക്സ്പ്രസ് ട്രെയിൻ സർവീസുകളെ അപകടം ബാധിച്ചു. സംഭവത്തെത്തുടർന്ന് തെക്കൻ ജില്ലകളിൽ നിന്നുള്ള ഇരുപതിലധികം എക്സ്പ്രസ് ട്രെയിനുകൾ വൈകുകയോ റദ്ദാക്കുകയോ ചെയ്തു. രാമേശ്വരം, തിരുനെൽവേലി, കന്യാകുമാരി, തൂത്തുക്കുടി എന്നിവിടങ്ങളിൽ നിന്ന് ചെന്നൈയിലേക്കുള്ള എക്സ്പ്രസ് ട്രെയിനുകൾ വൈകിയാണ് ഓടുന്നത്.
ചെന്നൈയിലേക്കുള്ള സബർബൻ ട്രെയിൻ സർവീസുകൾ റദ്ദാക്കിയതിനാൽ നൂറുകണക്കിന് ഓഫീസ് ജീവനക്കാരും സ്കൂൾ, കോളജ് വിദ്യാർഥികളും ചെങ്കൽപേട്ട് റെയിൽവേ സ്റ്റേഷനിൽ കുടുങ്ങി.