കേന്ദ്രത്തിന് ആശ്വാസം; ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടി ശരിവച്ച് സുപ്രീംകോടതി
Monday, December 11, 2023 11:37 AM IST
ന്യൂഡല്‍ഹി: ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടി ശരിവച്ച് സുപ്രീംകോടതി. മറ്റ് സംസ്ഥാനങ്ങള്‍ക്കില്ലാത്ത പരമാധികാരം കാഷ്മീരിന് ഇല്ലെന്ന് കോടതി പറഞ്ഞു.
ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് എതിരെയുള്ള ഹര്‍ജികളില്‍ വിധി പറഞ്ഞത്. ഹര്‍ജിയില്‍ മൂന്ന് യോജിച്ച വിധികളാണുള്ളതെന്ന് കോടതി വ്യക്തമാക്കി.
2018ൽ കാഷ്മീര്‍ നിയമസഭ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ നടപടിയില്‍ ഇടപെടുന്നില്ലെന്ന് കോടതി പറഞ്ഞു. ജമ്മു കാഷ്മീര്‍ ഇന്ത്യയില്‍ ചേര്‍ന്നപ്പോള്‍ പരമാധികാരം ഉണ്ടായിരുന്നില്ല.
ഇന്ത്യയുടെ മറ്റ് സംസ്ഥാനങ്ങള്‍ക്കുള്ള അവകാശം മാത്രമാണ് ഉണ്ടായിരുന്നത്. ജമ്മു കാഷ്മീരിലെ യുവരാജാവായ കരണ്‍സിംഗിന്റെ വിളമ്പരം തന്നെ ഇതിന് തെളിവാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ജമ്മു കാഷ്മീരിന് വേണ്ടി നിര്‍മിച്ച 370-ാം അനുച്ഛേദത്തിലെ പ്രത്യേക പദവി താത്ക്കാലികമായിരുന്നു. ഇതില്‍ ഭരണഘടനാഭേദഗതികള്‍ വരുത്താന്‍ കേന്ദ്ര സര്‍ക്കാരിന് അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി.
അതേസമയം കാഷ്മീരിന് സംസ്ഥാന പദവി തിരിച്ച് നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇത് എത്രയും പെട്ടെന്ന് തന്നെ വേണമെന്ന് കോടതി നിര്‍ദേശം നല്കി. അടുത്ത വര്‍ഷം സെപ്റ്റംബറോടെ തെരഞ്ഞെടുപ്പ് നടത്തണമെന്നും കോടതി നിര്‍ദേശിച്ചു.
ഭരണഘടനാ അനുച്ഛേദം ഭേദഗതി ചെയ്ത് 2019 ഓഗസ്റ്റിലാണ് ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത്. ഇതിനെതിരെ സമര്‍പ്പിച്ച 23 ഹര്‍ജികളില്‍ വിശദമായ വാദം കേട്ട ശേഷമാണ് കോടതി വിധി പറഞ്ഞത്.