കോഴിക്കോട്ട് വഴിയരികിൽ പുള്ളിപ്പുലി ചത്തനിലയിൽ
Monday, December 11, 2023 12:12 PM IST
കോഴിക്കോട്: തിരുവമ്പാടി മുത്തപ്പൻപുഴയിൽ പുള്ളിപ്പുലിയെ ചത്തനിലയിൽ കണ്ടെത്തി. ആനക്കാംപൊയിൽ മറിപ്പുഴ റോഡിൽ മൈനവളവിലാണ് നാലുവയസുള്ള പുലിയുടെ ജഡം കണ്ടെത്തിയത്.
പുലർച്ചെ ഇതുവഴിപോയ യാത്രക്കാരാണ് പുള്ളിപ്പുലിയുടെ ജഡം കണ്ടത്. ഇവർ വിവരമറിയിച്ചതിനെത്തുടർന്ന് വനംവകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തി.
പുലിയുടെ ജഡത്തിൽ മുള്ളൻപന്നിയുടെ മുള്ളുകൾ തറച്ചനിലയിലാണ്. ഇതിനാൽ, മുള്ളൻപന്നിയുടെ ആക്രമണത്തിലാണ് പുലി ചത്തതെന്നാണ് പ്രാഥമിക നിഗമനം. ഒരുമാസം മുമ്പ് ഈ പ്രദേശത്ത് ഒരു പശുവിനെ പുലി പിടിച്ചിരുന്നു.