തീർഥാടകർക്ക് ബുദ്ധിമുട്ടുണ്ടാകരുത്, എസ്പി നിലയ്ക്കലിൽ നേരിട്ടെത്തണം: ശബരിമല തിരക്കിൽ ഹൈക്കോടതി ഇടപെടൽ
Monday, December 11, 2023 2:30 PM IST
ശബരിമല: ശബരിമലയിലെ തിരക്കിൽ ഇടപെട്ട് ഹൈക്കോടതി. തീർഥാടകർക്ക് യാതൊരു ബുദ്ധിമുട്ടും കൂടാതെ ദർശനം നടത്താൻ കഴിയണമെന്ന് കോടതി സർക്കാരിന് നിർദേശം നല്കി. പത്തനംതിട്ട എസ്പി നിലയ്ക്കലിൽ നേരിട്ടെത്തി പരിശോധന നടത്തണമെന്നും കോടതി ഉത്തരവിട്ടു.
തീർഥാടകരുടെ വാഹനങ്ങൾ മണിക്കൂറുകളായി നിർത്തിയിട്ടിരിക്കുന്ന ഇലവുങ്കലിൽ തീർഥാടകർക്ക് ഭക്ഷണവും വെള്ളവും ഉറപ്പാക്കണം, ആവശ്യമായ ശുചിമുറികൾ ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു. നിരവധിപ്പേർ ബുക്കിംഗ് ഇല്ലാതെ ദർശനം നടത്തുന്നുണ്ട്. അക്കാര്യം കൂടി പരിശോധിക്കണമെന്നും കോടതി നിർദേശിച്ചു.
അതേസമയം, ശബരിമലയിൽ സ്ഥിതി നിയന്ത്രണവിധേയമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. തിരക്ക് സംബന്ധിച്ച് സുരക്ഷാചുമതലയുള്ള എഡിജിപിയുടെ റിപ്പോർട്ട് ചൊവ്വാഴ്ച നല്‍കാമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ലൈവ് ദൃശ്യങ്ങൾ ഉൾക്കൊള്ളിച്ച് ക്രമീകരണങ്ങൾ കോടതിയെ അറിയിക്കാമെന്നും സർക്കാർ പറഞ്ഞു.
ക്രമസമാധാന ചുമതലയുള്ള എഡിജിപിയും ശബരിമല പോലീസ് ചീഫ് കോ ഓര്‍ഡിനേറ്ററുമായ എം.ആര്. അജിത് കുമാറാണ് കോടതിയിൽ റിപ്പോര്‍ട്ട് നല്‍കുന്നത്. തിരക്ക് നിയന്ത്രിക്കുന്നതിനായി ഏര്‍പ്പെടുത്തിയിട്ടുള്ള ക്രമീകരണങ്ങളുടെ അടക്കം വിശദമായ റിപ്പോര്‍ട്ടാണ് എഡിജിപി നല്‍കുന്നത്.
തിരക്ക് തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ പോലീസിനെ വിവിധ കേന്ദ്രങ്ങളില്‍ നിയോഗിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ സന്നിധാനത്തെയും പമ്പയിലെയും സര്‍ക്കാര്‍ ആശുപത്രികളും പൂര്‍ണസജ്ജമാക്കി. നിലവിലുള്ള രണ്ട് ആംബുന്സുകള്ക്ക് പുറമെ ഒരു ഓഫ് റോഡ് ആംബുലസ് കൂടി ശബരിമലയില്‍ എത്തിച്ചു.
അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ റാപ്പിഡ് ആക്ഷന്‍ ഫോഴ്സും ദുരന്ത നിവാരണ സേനയും രംഗത്തുണ്ട്. പത്തനംതിട്ട, എരുമേലി, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ നിയന്ത്രണങ്ങളോടെയാണ് തീര്‍ഥാടക വാഹനങ്ങള്‍ കടത്തിവിടുന്നത്. പമ്പയിലെ തിരക്ക് കുറയുന്നതിനനുസരിച്ചാണ് ഇതര സ്ഥലങ്ങളില്‍ നിന്നുള്ളവരെ ഇവിടേക്ക് എത്തിക്കുന്നത്.