രാജ്കോട്ടിൽ തകർന്നടിഞ്ഞ് കേരളം; രാജസ്ഥാനെതിരേ നാണംകെട്ട തോൽവി
Monday, December 11, 2023 3:52 PM IST
രാജ്കോട്ട്: വിജയ് ഹസാരെ ട്രോഫി ക്വാർട്ടറിൽ രാജസ്ഥാനെതിരേ കേരളത്തിന് വമ്പൻ തോൽവി. പ്രതിഭാധനരടങ്ങിയ കേരളത്തിന്റെ ബാറ്റിംഗ് നിര ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞപ്പോൾ രാജസ്ഥാന് 200 റൺസിന്റെ കൂറ്റൻ ജയം. 21 ഓവറിൽ 67 റൺസിന് കേരളം പുറത്തായി. 28 റൺസെടുത്ത സച്ചിൻ ബേബിക്ക് മാത്രമാണ് രാജസ്ഥാൻ ബൗളിംഗിനു മുന്നിൽ പിടിച്ചുനില്‍ക്കാനായത്.
ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ ഉയർത്തിയ 268 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിംഗിനിറങ്ങിയ കേരളത്തിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. സ്കോർബോർഡിൽ 14 റൺസ് മാത്രമുള്ളപ്പോൾ കഴിഞ്ഞ മത്സരത്തിലെ സെഞ്ചുറി വീരൻ കൃഷ്ണപ്രസാദ് ഏഴുറൺസുമായി പുറത്തായി.
പിന്നീട് കൃത്യമായ ഇടവേളകളിൽ കേരളത്തിന് വിക്കറ്റ് നഷ്ടമായിക്കൊണ്ടിരുന്നു. നായകൻ രോഹൻ കുന്നുമ്മൽ (11), മുഹമ്മദ് അസ്ഹറുദ്ദീൻ (മൂന്ന്), വിഷ്ണു വിനോദ് (പൂജ്യം, റിട്ടയേഡ് ഹർട്ട്), ശ്രേയസ് ഗോപാൽ (പൂജ്യം), അബ്ദുൾ ബാസിത് (ഒന്ന്), അഖിൽ സ്കറിയ (ഒന്ന്), വൈശാഖ് ചന്ദ്രൻ (പൂജ്യം), ബേസിൽ തമ്പി (അഞ്ച്) എന്നിവർ വന്നപോലെ മടങ്ങി. ഒരറ്റത്ത് സച്ചിൻ ബേബി നിലയുറപ്പിച്ച് നിന്നെങ്കിലും വിജയം അകന്നുനിന്നു. നേരിട്ട ആദ്യ പന്തിൽത്തന്നെ പരുക്കേറ്റ വിഷ്ണു വിനോദിന് പിന്നീട് ബാറ്റിംഗിന് ഇറങ്ങാനായില്ല.
26 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ അനികേത് ചൗധരിയാണ് കേരളത്തിന്റെ ബാറ്റിംഗ് നിരയുടെ നട്ടെല്ലൊടിച്ചത്. അരാഫത്ത് ഖാൻ മൂന്നും ഖലീൽ അഹമ്മദ് രണ്ടും വിക്കറ്റുകൾ വീഴ്ത്തി.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ രാജസ്ഥാൻ മഹിപാല്‍ ലോംറോറിന്റെ സെഞ്ചുറിക്കരുത്തിലാണ് മികച്ച സ്കോർ കണ്ടെത്തിയത്. 114 പന്തില്‍ പുറത്താവാതെ 122 റൺസ് നേടിയ ലോംറോറും 66 റൺസെടുത്ത കുനാൽ സിംഗ് റാത്തോറും മാത്രമാണ് രാജസ്ഥാൻ നിരയിൽ തിളങ്ങിയത്. കേരളത്തിനുവേണ്ടി അഖിൽ സത്താര്‍ മൂന്ന് വിക്കറ്റും ബേസില്‍ തമ്പി രണ്ട് വിക്കറ്റും വീഴ്ത്തി.
ദക്ഷിണാഫ്രിക്കൻ പര്യടനത്തിനായി പോയ നായകൻ സഞ്ജു സാംസണിന്റെ അഭാവത്തിൽ രോഹന് കുന്നുമ്മലിന്റെ നേതൃത്വത്തിലാണ് കേരളം ഇന്നിറങ്ങിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന്റെ തുടക്കം പാളി. 45 റൺസെടുക്കുന്നതിനിടെ ഓപ്പണര്‍മാരായ അഭിജിത് തോമര്‍ (15), റാം മോഹന്‍ ചൗഹാന് (18) എന്നിവർ പവലിയനിലേക്ക് മടങ്ങി. പിന്നാലെ നായകൻ ദീപക് ഹൂഡ (ഒമ്പത്), കരണ്‍ ലാംബ (ഒമ്പത്) എന്നിവരും നിരാശപ്പെടുത്തിയതോടെ നാലിന് 108 എന്ന നിലയിലായി രാജസ്ഥാന്. അപ്പോഴും മൂന്നാമനായി ക്രീസിലെത്തിയ ലോംറോർ ഒരറ്റത്ത് നങ്കൂരമിട്ടിരുന്നു.
പിന്നീട് കുനാൽ സിംഗ് റാത്തോറുമായി ചേർന്ന് ലോംറോർ രാജസ്ഥാനെ കരകയറ്റി. ഇരുവരും ചേർന്ന് അഞ്ചാം വിക്കറ്റിൽ 116 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. 45-ാം ഓവറിൽ അഖിൽ സത്താറാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. അപ്പോഴേക്കും രാജസ്ഥാൻ സുരക്ഷിത സ്കോറിലെത്തിയിരുന്നു.
റാത്തോർ പുറത്തായതിനു പിന്നാലെ രാജസ്ഥാൻ ബാറ്റിംഗ് നിര ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞു. കുക്ന അജയ് സിംഗ് (രണ്ട്), രാഹുല്‍ ചാഹര്‍ (നാല്), അറാഫത്ത് ഖാന് (രണ്ട്) എന്നിവര്‍ രണ്ടക്കം പോലും കാണാനാവാതെ പുറത്തായി. സെഞ്ചുറിയുമായി ലോംറോറും നാലു റൺസുമായി അനികേത് ചൗധരിയും പുറത്താകാതെ നിന്നു.