ജമ്മു കാഷ്മീര്‍ പുനഃസംഘടനാബില്‍ അവതരിപ്പിച്ച് അമിത്ഷാ; രാജ്യസഭയില്‍ ഭരണ- പ്രതിപക്ഷ ബഹളം
Monday, December 11, 2023 4:04 PM IST
ന്യൂഡല്‍ഹി: ജമ്മു കാഷ്മീര്‍ പുനഃസംഘടനാ ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായാണ് ബില്‍ അവതരിപ്പിച്ചത്.
ജമ്മുകാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടി തെറ്റാണെന്ന് ബില്ലിന്മേലുള്ള ചര്‍ച്ചയ്ക്കിടെ പ്രതിപക്ഷം ആവര്‍ത്തിച്ചു. സുപ്രീംകോടതി വിധിക്കെതിരേ സംസാരിക്കുന്നത് അനുവദിക്കാന്‍ കഴിയില്ലെന്ന് സ്പീക്കര്‍ ജഗ്ദീപ് ധന്‍കര്‍ പറഞ്ഞതോടെ പ്രതിപക്ഷം ബഹളം വച്ചു. ഇതിന് പിന്നാലെ ബിജെപി എംപിമാരും സംസാരിക്കാന്‍ എഴുന്നേറ്റതോടെ സഭയില്‍ ഭരണ-പ്രതിപക്ഷ ബഹളം തുടരുകയാണ്.
കഴിഞ്ഞ ഡിസംബര്‍ ആറിനാണ് ജമ്മു കാഷ്മീര്‍ പുനഃസംഘടനാ ബില്‍ ലോക്സഭ പാസാക്കിയത്. ജമ്മു കാഷ്മീരിന്റെ സംസ്ഥാന പദവി എടുത്തുമാറ്റി രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കിയ പുനഃസംഘടനാ ചട്ടത്തില്‍ ഭേദഗതി വരുത്തുന്നതാണ് ബില്‍.
ജമ്മു കാഷ്മീര്‍ നിയമസഭയിലെ ആകെ സീറ്റുകളുടെ എണ്ണം 83 ല്‍ നിന്ന് 90 ആക്കി ഉയര്‍ത്തുകയാണ് ബില്ലിന്റെ ലക്ഷ്യം. ഏഴ് സീറ്റുകള്‍ പട്ടികജാതിക്കും ഒമ്പത് സീറ്റുകള്‍ പട്ടികവര്‍ഗത്തിനും സംവരണം ചെയ്യുക എന്ന ഉദ്ദേശ്യം കൂടിയുള്ള ബില്ലാണ് ഇന്ന് രാജ്യസഭയിൽ അവതരിപ്പിച്ചത്.