പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ നിറവേറ്റി സർക്കാർ മുന്നോട്ടുപോകുന്നു: മുഖ്യമന്ത്രി
Monday, December 11, 2023 6:30 PM IST
തിരുവനന്തപുരം: പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ നിറവേറ്റി സർക്കാർ മുന്നോട്ടുപോകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസിന്റെ ഭാഗമായി ഇടുക്കിയിൽ നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മലയോര മേഖലയിലെ ജനങ്ങളുടെ ആറു പതിറ്റാണ്ടിലേറെയായുള്ള ഭൂമി പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യം മുൻനിർത്തി, ഇക്കഴിഞ്ഞ സെപ്റ്റംബർ 14നാണ് 1960 ലെ ഭൂപതിവ് നിയമം കേരള നിയമസഭ ഭേദഗതി ചെയ്തത്.
ഇതോടെ 1964 ലെ ഭൂപതിവ് ചട്ടങ്ങൾക്ക് മാറ്റം വരാൻ പോകുകയാണ്. സ്വന്തം ഭൂമിയിൽ അവകാശമില്ലാതെ കഴിയേണ്ടിവരുന്ന മലയോര മേഖലയിലെ ജനങ്ങളുടെ അത്യധികം സങ്കീർണമായ ഭൂമി പ്രശ്നത്തെ ഏറ്റവും അനുഭാവപൂർവം അഭിസംബോധന ചെയ്യാനാണ് സർക്കാർ ശ്രമിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇടുക്കി ജില്ലയുടെ സമഗ്രമായ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും ഉതകുന്ന പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.