എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം; കാറിൽനിന്നു റോഡിലിറങ്ങി ക്ഷുഭിതനായി ഗവർണർ
Monday, December 11, 2023 7:16 PM IST
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനു നേരെ വീണ്ടും കരിങ്കൊടി പ്രതിഷേധം. എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകരാണ് ഗവർണർക്കുനേരെ കരിങ്കൊടി പ്രതിഷേധവുമായി രംഗത്തെത്തിയത്. രാജ്ഭവനിൽനിന്നും തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് ഗവർണർ പോകുന്നതിനിടെയായിരുന്നു പ്രതിഷേധം.
ഇതോടെ കാർ റോഡിൽനിറുത്തി ഗവർണർ പുറത്തിറങ്ങി ക്ഷുഭിതനായി. സംസ്ഥാനത്ത് ഗുണ്ടാരാജാണെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ പ്രതിഷേധക്കാരെ നിയോഗിച്ചത് മുഖ്യമന്ത്രിയാണെന്നും ഗവർണർ ആരോപിച്ചു.
തനിക്ക് സുരക്ഷയില്ല. പ്രതിഷേധക്കാർ തന്റെ വാഹനത്തിന്റെ ചില്ലിൽ വന്നിടിച്ചു. തനിക്ക് എന്ത് സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നതെന്നും ഗവർണർ ചോദിച്ചു. സുരക്ഷാ വീഴ്ച ഉണ്ടായെന്നും ഗവർണർ ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിയുടെ കാറിനടുത്ത് പ്രതിഷേധക്കാർ എത്തുമോ എന്നും മുഖ്യമന്ത്രിയുടെ അടുത്തേയ്ക്ക് പ്രതിഷേധക്കാരെ പോലീസ് കടത്തിവിടുമോ എന്നും ഗവർണർ ചോദിച്ചു.
പ്രതിഷേധിക്കുന്നത് ക്രിമിനലുകളാണ്. മുഖ്യമന്ത്രി പറഞ്ഞിട്ട് മുഖ്യമന്ത്രിയുടെ പാർട്ടിക്കാരാണ് പ്രതിഷേധത്തിനു വരുന്നത്. അപ്പോൾ പോലീസ് എന്ത് ചെയ്യാനാണെന്നും ഗവർണർ പറഞ്ഞു.
തിരുവനന്തപുരം നഗരം ഗുണ്ടാ ഭരണത്തിനു കീഴിലാക്കാൻ അനുവദിക്കില്ല. അങ്ങനെയെങ്കിൽ നേർക്കു നേർ കാണാമെന്നും ഗവർണർ കൂട്ടിച്ചേർത്തു.