ഗവർണറെ കരിങ്കൊടി കാണിക്കാൻ എസ്എഫ്ഐക്കാരെ പറഞ്ഞുവിട്ടത് മുഖ്യമന്ത്രി: പ്രതിപക്ഷ നേതാവ്
Monday, December 11, 2023 7:57 PM IST
തിരുവനന്തപുരം: ഗവർണറെ കരിങ്കൊടി കാണിക്കാൻ എസ്എഫ്ഐക്കാരെ പറഞ്ഞുവിട്ടത് മുഖ്യമന്ത്രിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഗവർണറെ കരിങ്കൊടി കാണിച്ചത് സിപിഎമ്മിന്റെ തീരുമാനമാണ്. എസ്എഫ്ഐ തീരുമാനിച്ച് എസ്എഫ്ഐക്കാർ തെരുവിലിറങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നു കുട്ടികളെ ഗവർണർ പ്രകോപിപ്പിക്കരുതെന്ന്. ഇതെല്ലാം പ്ലാൻ ചെയ്ത് സിപിഎമ്മും മുഖ്യമന്ത്രിയും അറിഞ്ഞുകൊണ്ടാണ് ഗവർണറെ കരിങ്കൊടി കാണിച്ചത്.
അതേസമയം മുഖ്യമന്ത്രിക്കെതിരായി ആരും കരിങ്കൊടി കാണിക്കാൻ പാടില്ലെന്നാണ് പിണറായുടെ നിലപാട്. ഗവർണറുടെ വാഹനത്തിനു മുന്നിലേക്ക് ചാടി വീണ എസ്എഫ്ഐ പ്രവർത്തകർക്കു വേണ്ടി ആരാണ് ജീവൻ രക്ഷാപ്രവർത്തനം നടത്തേണ്ടതെന്നും സതീശൻ ചോദിച്ചു.
മുഖ്യമന്ത്രി മഹാരാജാവാണ്. അദ്ദേഹത്തെ ആരും കരിങ്കൊടി കാണിക്കാൻ പാടില്ല. ഗവർണറെ കരിങ്കൊടി കാണിക്കാം. എന്ത് വിരോധഭാസമാണിതെന്നും സതീശൻ ചോദിച്ചു. ആരാണ് ഈ ആപാസം കാണിക്കുന്നത്. എല്ലാ കലാപവും നടത്താൻ ആഹ്വാനം ചെയ്യുന്നത് മുഖ്യമന്ത്രിയാണ്. ഇപ്പോൾ ഗവർണർക്കെതിരായി എസ്എഫ്ഐക്കാരെ പറഞ്ഞു വിട്ടതും മുഖ്യമന്ത്രിയാണ്.
തനിക്കെതിരെ കരിങ്കൊടി കാണിക്കുന്നവരെ അടിച്ചൊതുക്കണമെന്ന് ആഹ്വാനം ചെയ്യുന്ന ആളാണ് മുഖ്യമന്ത്രിയെന്നും സതീശൻ കുറ്റപ്പെടുത്തി.