പുസ്തക പ്രകാശനത്തിൽ പങ്കെടുക്കാൻ റിപ്പർ ജയാനന്ദന് രണ്ട് ദിവസത്തെ പരോൾ
Wednesday, December 20, 2023 11:04 PM IST
കൊച്ചി: റിപ്പർ ജയാനന്ദന് പരോൾ അനുവദിച്ച് ഹൈക്കോടതി. തടവിൽ കഴിയുമ്പോൾ ജയാനന്ദൻ എഴുതിയ "പുലരി വിരിയും മുമ്പേ' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ പങ്കെടുക്കുന്നതിന് രണ്ട് ദിവസത്തെ പകൽ പരോളാണ് ഹൈക്കോടതി അനുവദിച്ചത്.
ഈ മാസം 22, 23 തീയതികളിൽ രാവിലെ ഒൻപത് മുതൽ വൈകുന്നേരം അഞ്ച് വരെയാണ് പരോൾ അനുവദിച്ചിരിക്കുന്നത്. 23ന് കൊച്ചിൽ ആണ് പുസ്തക പ്രകാശനം. ജയാനന്ദന്റെ ഭാര്യ ഇന്ദിരയാണ് പരോളിനായി ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണനാണ് ജയാനന്ദന് പരോൾ അനുവദിച്ചത്.
ഡോ. സുനില്‍ പി. ഇളയിടമാണ് പുസ്തകം പ്രകാശനം ചെയ്യുന്നത്. പാലക്കാട് വിളയൂര്‍ ലോഗോസ് പബ്ലിക്കേഷന്‍സ് ആണ് ജയാനന്ദൻ രചിച്ച പുസ്തകത്തിന്റെ പ്രസാധകര്. ഹർജി പരിഗണിച്ച ഹൈക്കോടതി, ജയാനന്ദന് സാധാരണ പരോളിന് അർഹതയില്ലെന്ന് ചൂണ്ടിക്കാട്ടി. എന്നാൽ ഭരണഘടനാ കോടതികൾക്ക് ഇക്കാര്യത്തിൽ തീരുമാനമെടുക്കാനുള്ള അധികാരമുണ്ടെന്നു വ്യക്തമാക്കിയാണ് രണ്ടു ദിവസം പകൽ സമയത്ത് പരോൾ അനുവദിച്ചത്.
‘പരോൾ ലഭിക്കുന്നതിനായി ഈ കോടതിക്കു മുന്നിൽ മകൾ നടത്തിയ നിയമപോരാട്ടം ഹർജിക്കാരിയുടെ ഭർത്താവ് മനസിലാക്കണം. എസ്കോർട്ട് പരോളിൽ പുറത്തുപോകുമ്പോൾ പരോൾ അനുവദിക്കപ്പെട്ട രണ്ടു ദിവസവും കോടതിയുടെ നിർദേശങ്ങൾ പാലിക്കുന്നുവെന്ന് അദ്ദേഹം ഉറപ്പുവരുത്തണം. പരോൾ ലഭിക്കുന്നതിനായി ഭാര്യയും മകളും നടത്തിയ നിയമ പോരാട്ടം പ്രതിയുടെ മനസിലുണ്ടാകണം. അവർ രണ്ടു പേരുടെയും അധ്വാനത്തിന്റെ ഫലമാണ് ഈ വിധി. ഈ മകൾ പിതാവിനെ അകമഴിഞ്ഞു സ്നേഹിക്കുന്നു. പുസ്തക പ്രകാശന ചടങ്ങിൽ അദ്ദേഹം പങ്കെടുക്കണമെന്ന് അതിയായി ആഗ്രഹിക്കുകയും ചെയ്യുന്നു'.
"നിയമവിധേയമായി ഈ നിയമ പോരാട്ടം ഇരുവർക്കും യഥോചിതം തുടരുന്നതിനു കോടതി നിർദേശങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. അഞ്ച് കൊലപാതക കേസുകളിൽ ഉൾപ്പെടെ പ്രതിയാണെങ്കിലും, ഈ ചടങ്ങിൽ പങ്കെടുക്കാൻ പിതാവിന് അവസരം ഉറപ്പാക്കുന്നതിനായി മകൾ നടത്തിയ നിയമപോരാട്ടം അഭിനന്ദനീയമാണ്. അമ്മയെപ്പോലെ തന്നെ, പിതാവും ഓരോ കുഞ്ഞിന്റെയും ഉള്ളിൽ ഹീറോയാണ്.' – കോടതി വിധിയിൽ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ 17 വർഷമായി തടവിൽ കഴിയുന്ന ജയാനന്ദൻ നിലവിൽ വിയ്യൂർ അതീവ സുരക്ഷാ ജയിലിലാണുള്ളത്. ഈ വർഷം മാർച്ചിലും ജയാനന്ദന് ഹൈക്കോടതി പരോൾ അനുവദിച്ചിരുന്നു. മകളുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായിരുന്നു പരോൾ. മൂത്ത മകളുടെ വിവാഹച്ചടങ്ങുകളിൽ പങ്കെടുക്കുന്നതിനു രണ്ടു ദിവസത്തെ എസ്കോർട്ട് പരോളാണ് ഹൈക്കോടതി അന്ന് അനുവദിച്ചത്.