സർക്കാർ ഉദ്യോഗസ്ഥന്റെ വസതിയിൽ റെയ്ഡ്; 100 കോടിയുടെ അനധികൃത സ്വത്തുക്കൾ കണ്ടുകെട്ടി
Thursday, January 25, 2024 5:25 AM IST
ഹൈദരാബാദ്: തെലുങ്കാന സ്റ്റേറ്റ് റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി സെക്രട്ടറിയും ഹൈദരാബാദ് മെട്രോപൊളിറ്റൻ ഡെവലപ്മെന്റ് അതോറിറ്റിയുടെ മുൻ ഡയറക്ടറുമായ ശിവ ബാലകൃഷ്ണയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ നിന്ന് 100 കോടി രൂപയുടെ അനധികൃത സ്വത്ത് കണ്ടെത്തി അഴിമതി വിരുദ്ധ ബ്യൂറോ.
നിരവധി റിയൽ എസ്റ്റേറ്റ് കമ്പനികൾക്ക് പെർമിറ്റ് അനുവദിച്ച് ബാലകൃഷ്ണ കോടികൾ സമ്പാദിച്ചെന്നാണ് അഴിമതി വിരുദ്ധ ബ്യൂറോയുടെ പ്രാഥമിക കണ്ടെത്തൽ. ബാലകൃഷ്ണയുടെയും ബന്ധുക്കളുടെയും വീടുകളും ഓഫീസുകളും ഉൾപ്പെടെ സംസ്ഥാനത്തുടനീളമുള്ള നിരവധി സ്ഥലങ്ങളിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തി.
ബുധനാഴ്ച പുലർച്ചെ അഞ്ചിന് ആരംഭിച്ച തിരച്ചിൽ 20 സ്ഥലങ്ങളിൽ വ്യാപിച്ചു. പരിശോധന ഇന്നു വരെ നീളുമെന്നാണ് കരുതുന്നത്. എസിബി സംഘങ്ങൾ എച്ച്എംഡിഎയുടെഹൈദരാബാദ് മെട്രോപോളിറ്റൻ ഡവലപ്മെന്റ് അതോറിറ്റിയിലും മറ്റും പരിശോധന നടത്തി.
തന്റെ ഔദ്യോഗിക പദവി മുതലെടുത്ത് വൻതോതിൽ സ്വത്ത് സമ്പാദിച്ചെന്ന് സംശയിക്കുന്ന ബാലകൃഷ്ണയ്ക്കെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്വർണം, ഫ്ലാറ്റുകൾ, ബാങ്ക് നിക്ഷേപങ്ങൾ, ബിനാമി നിക്ഷേപങ്ങൾ എന്നിവയുൾപ്പെടെ 100 കോടിയിലധികം മൂല്യമുള്ള സ്വത്തുക്കൾ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
40 ലക്ഷം രൂപയും രണ്ട് കിലോഗ്രാം സ്വർണാഭരണങ്ങളും 60 ഹൈ എൻഡ് റിസ്റ്റ് വാച്ചുകളും സ്വത്ത് രേഖകളും ബാങ്ക് നിക്ഷേപങ്ങളും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. കൂടാതെ, 14 ഫോണുകൾ, 10 ലാപ്ടോപ്പുകൾ, നിരവധി ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയും കണ്ടുകെട്ടിയിട്ടുണ്ട്.