മാല ഊരി തിരികെ പോയത് കപടഭക്തര്‍; നിയമസഭയില്‍ ദേവസ്വം മന്ത്രി
Wednesday, January 31, 2024 11:00 AM IST
തിരുവനന്തപുരം: ശബരിമല തീര്‍ഥാടനം സംബന്ധിച്ച ചോദ്യത്തിന് നിയമസഭയില്‍ വിവാദ മറുപടി നല്കി ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്. മാല ഊരി തിരികെ പോയത് കപടഭക്തരാണെന്നും യഥാര്‍ഥ ഭക്തരാരും ദര്‍ശനം നടത്താതെ തിരികെ പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ചോദ്യോത്തരവേളയില്‍ എം. വിന്‍സന്റ് എംഎല്‍എയോടാണ് മന്ത്രി ഇത്തരത്തില്‍ പ്രതികരിച്ചത്. ഇത്തവണത്തെ തീര്‍ഥാടനാ കാലം ദുരിതപൂര്‍ണമായിരുന്നു. അനാവശ്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പമ്പയില്‍ മാല ഊരി തിരികെ പോകേണ്ട അവസ്ഥ ഉണ്ടായെന്നും വിന്‍സന്റ് പറഞ്ഞിരുന്നു.
ഇത്തവണ ശബരിമലയില്‍ അഭൂതപൂര്‍വമായ ഭക്തജനത്തിരക്കാണ് ഉണ്ടായത്. തിരക്ക് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ കൃത്യമായി ഇടപെട്ടു. പോലീസ് നല്ല രീതിയില്‍ ഇടപെട്ടെന്നും രാധാകൃഷ്ണന് പറഞ്ഞു.
ശബരിമലയെ തകര്‍ക്കാനുള്ള വ്യാജ പ്രചാരണങ്ങള്‍ക്ക് എതിരേ നടപടി എടുത്തോ എന്ന ജനീഷ് കുമാര്‍ എംഎല്‍എയുടെ ചോദ്യത്തിനും മന്ത്രി മറുപടി നല്കി. ശബരിമലയെ തകര്‍ക്കാന്‍ ബോധപൂര്‍വം പ്രചാരണം ഉണ്ടായോ എന്ന് സംശയിക്കുന്നു.
ചിലര്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു. ഭക്തരെ തല്ലിച്ചതച്ചുവെന്ന രീതിയില്‍ വീഡിയോ വന്നു. കുഞ്ഞിന്റെ മരണമടക്കം ആശങ്ക ഉണ്ടാക്കുന്ന തരത്തിൽ പ്രചരിപ്പിച്ചു. എന്നാല്‍ സൈബര്‍ സെല്‍ നടപടി കടുപ്പിച്ചപ്പോള്‍ പ്രചാരണത്തിന് ശമനം ഉണ്ടായെന്നും രാധാകൃഷ്ണന് പറഞ്ഞു.
ശബരിമലയില്‍ നിന്നുള്ള വരുമാനം വര്‍ധിച്ചിട്ടുണ്ടെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. എന്നാല്‍ വരവ് ഇപ്പോള്‍ കൃത്യമായി പറയാന്‍ കഴിയില്ല. ഇനിയും തുക എണ്ണാനുണ്ട്. 30 കോടി രൂപയാണ് ഈ വര്‍ഷം ശബരിമലയ്ക്കായി ചെലവഴിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.