ഷീല സണ്ണിക്ക് നഷ്ടപരിഹാരം കിട്ടാൻ സാധ്യത; അന്വേഷണ അടുത്തഘട്ടത്തിലേക്ക്
Thursday, February 8, 2024 4:22 PM IST
തൃശൂർ: ചാലക്കുടിയിലെ ബ്യൂട്ടിപാർലർ വ്യാജ ലഹരിമരുന്നുകേസിൽ നിരപരാധിയായിട്ടും 72 ദിവസം ജയിലിൽ കിടക്കേണ്ടി വന്ന ഉടമ ഷീല സണ്ണിക്ക് നഷ്ടപരിഹാരം കിട്ടാൻ സാധ്യതയുണ്ടെന്ന് നിയമ വിദഗ്ധർ. നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് ഫയൽ ചെയ്യണമെന്ന് നിയമവിദഗ്ധർ പറയുന്നു. നിലവിൽ ഷീല സണ്ണി നഷ്ടപരിഹാരത്തിന് കേസ് ഫയൽ ചെയ്തിട്ടില്ല.
ഷീല സണ്ണി നഷ്ടപരിഹാരത്തിന് കേസ് നൽകണമെന്ന് റിട്ട. ജസ്റ്റിസ് ബി.കെമാൽ പാഷ കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. 72 ദിവസം ഈ പാവം സ്ത്രീ എന്തിന് ജയിലിൽ കിടന്നു ? അവരെ ഇത് ജീവിതകാലം വേട്ടയാടില്ലേ ? അവർ കരഞ്ഞു പറഞ്ഞു കുറ്റക്കാരിയല്ലെന്ന്. ഇത് അന്വേഷിക്കാൻ സാധിക്കാത്തവരല്ല നമ്മുടെ ഉദ്യോഗസ്ഥർ. സാധാരണക്കാരന് വേണ്ടി ആരും ഒന്നും ചെയ്യില്ലേ ? - കെമാൽ പാഷ ചോദിച്ചു.
അന്വേഷണ സംഘം അടുത്തഘട്ടത്തിലേക്ക്
വ്യാജലഹരിമരുന്നു കേസിൽ ബ്യൂട്ടിപാർലർ ഉടമയെക്കുറിച്ച് എക്സൈസിന് വ്യാജവിവരം നൽകിയ എറണാകുളം തൃപ്പൂണിത്തുറ സ്വദേശി നാരായണദാസിനെക്കുറിച്ച് വിശദവിവരങ്ങളും ഇയാളുടെ പഴയ കേസ് വിശദാംശങ്ങളും ശേഖരിച്ച അന്വേഷണസംഘം അടുത്ത ഘട്ടത്തിലേക്ക് കടന്നു. ആരൊക്കെയാണ് ഈ ഗൂഢാലോചനയുടെ പിന്നിലെന്ന കാര്യമാണ് ഇപ്പോൾ അന്വേഷിച്ചുകൊണ്ടിരിക്കുന്നത്.
ഷീലയുടെ അടുത്ത ബന്ധുക്കൾ തന്നെയാണ് സംഭവത്തിനു പിന്നിലെന്ന് അന്വേഷണ സംഘം ഉറച്ചുവിശ്വസിക്കുന്നുണ്ടെങ്കിലും ഇത് സ്ഥിരീകരിക്കാനുള്ള തെളിവുകളിലേക്ക് ഇനിയുമെത്തിയിട്ടില്ല. ഇപ്പോൾ നടക്കുന്ന അന്വേഷണം ഈ കേസിലെ സുപ്രധാന തെളിവുകൾ തേടിയാണ്.
വിശദമായ അന്വേഷണം തന്നെയാണ് അന്വേഷണസംഘം ആസൂത്രണം ചെയ്തിരിക്കുന്നത്. കേസ് ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥനേയും തുടരന്വേഷണത്തിന്റെ ഭാഗമായി അന്വേഷണ സംഘം നേരിൽ കണ്ട് വിശദാംശങ്ങൾ തേടുമെന്നറിയുന്നു.