"സഹകരണം ശക്തിപ്പെടണം'; ഇന്ത്യയും യുഎഇയും എട്ട് കരാറുകളില്‍ ഒപ്പുവച്ചു
Wednesday, February 14, 2024 12:36 PM IST
അബുദാബി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദര്‍ശനത്തില്‍ ഇന്ത്യയും യുണൈറ്റഡ് അറബ് എമിറേറ്റ്സും എട്ട് ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചു. നിക്ഷേപം, വൈദ്യുതി വ്യാപാരം, ഡിജിറ്റല്‍ പേയ്മെന്റ് പ്ലാറ്റ്ഫോമുകള് തുടങ്ങിയ സുപ്രധാന മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനായുള്ള ധാരണാപത്രങ്ങളിലാണ് ഇരു രാജ്യങ്ങളും ഒപ്പുവെച്ചത്.
പേയ്മെന്റ് പ്ലാറ്റ്ഫോമുകളായ യുപിഐയും യുഎഇയുടെ എഎഎന്‍ഐയും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള ധാരണാപത്രവും നരേന്ദ്ര മോദിയുടെയും യുഎഇ പ്രസിഡന്റ് ഷേയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെയും സാന്നിധ്യത്തില്‍ ഒപ്പുവെച്ചു. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള കറന്‍സി ഇടപാടുകള്‍ സുഗമമാകും.
ഇന്ത്യ-മിഡില്‍ ഈസ്റ്റ് ഇക്കണോമിക് കോറിഡോര്‍ സംബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മിൽ ഒരു ഇന്റര്‍ ഗവണ്മെന്റല് ഫ്രെയിംവര്‍ക്ക് കരാറും ഒപ്പുവച്ചു. ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോജക്ടുകളിലെ സഹകരണത്തിനുള്ള കരാര്‍, പൈതൃക, മ്യൂസിയം മേഖലകളിലെ സഹകരണത്തിന് ഊന്നല്‍ നല്കുന്ന ധാരണാപത്രം എന്നിവയും ഒപ്പുവെച്ചു.
കഴിഞ്ഞദിവസം, "അഹ്ലന് മോദി' പരിപാടിയില്‍ പങ്കെടുത്ത നരേന്ദ്ര മോദി പ്രവാസി ഇന്ത്യക്കാരെ അഭിസംബോധന ചെയ്യുകയുണ്ടായി. മലയാളത്തിലും ദക്ഷിണേന്ത്യന്‍ ഭാഷകളിലും സംസാരിച്ചുകൊണ്ടാണ് മോദി പ്രസംഗം ആരംഭിച്ചത്.