അബുദാബിയിലെ ഹിന്ദുക്ഷേത്രം നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു
Wednesday, February 14, 2024 10:11 PM IST
അബുദാബി: അബുദാബിയിലെ ആദ്യത്തെ ഹിന്ദുക്ഷേത്രം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. മധ്യപൂര്‍വദേശത്തെ ഏറ്റവും വലിയ പരമ്പരാഗത ഹിന്ദുശിലാക്ഷേത്രമായ അബുദാബി "ബാപ്സ്' ആണ് പ്രധാനമന്ത്രി സമർപ്പിച്ചത്.
ചടങ്ങില്‍ യുഎഇ ഭരണാധികാരികളടക്കമുള്ള പ്രമുഖര്‍ പങ്കെടുത്തു. ക്ഷേത്രത്തിലെ വിഗ്രഹപ്രതിഷ്ഠ രാവിലെ നടന്നിരുന്നു. ബാപ്സ് മുഖ്യപുരോഹിതനും ആത്മീയാചാര്യനുമായ മഹന്ത് സ്വാമി മഹാരാജിന്റെ നേതൃത്വത്തിലായിരുന്നു കര്‍മ്മങ്ങള്‍.
ക്ഷണിക്കപ്പെട്ടവര്‍ക്ക് മാത്രമാണ് ഉദ്ഘാടനദിനത്തില്‍ പ്രവേശനം അനുവദിച്ചത്. ബോളിവുഡ് നടന് അക്ഷയ്കുമാറും ഗായകന് ശങ്കര്‍ മഹാദേവനും ഉദ്ഘാടനത്തിനായി ക്ഷേത്രത്തിലെത്തിയിരുന്നു.
ഈ ക്ഷേത്രം എല്ലാവര്ക്കും വേണ്ടിയാണ് നിര്‍മിച്ചിരിക്കുന്നതെന്ന് സ്വാമി ബ്രഹ്മവിഹാരിദാസ് പറഞ്ഞു. ദൈവകൃപയും എല്ലാവരുടെയും സഹകരണവും അബുദാബി ഭരണാധികാരിയുടെ കാരുണ്യവും നമ്മുടെ പ്രധാനമന്ത്രിയുടെ സഹായവും മഹാനായ സന്യാസിമാരുടെ അനുഗ്രഹവുമാണ് ക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സഹായിച്ചത്. ഇത് ആഘോഷത്തിന്റെയും നന്ദിയുടെയും ദിനമാണെന്നും സ്വാമി ബ്രഹ്മവിഹാരിദാസ് പറഞ്ഞു.