ഞങ്ങളുടെ പാർട്ടിയും ചിഹ്നവും തിരികെ ലഭിക്കണം: സുപ്രിയ സുലെ
Tuesday, February 20, 2024 4:37 AM IST
പൂനെ: സ്ഥാപക അംഗത്തിൽനിന്നു പാർട്ടിയെ തട്ടിയെടുത്ത രീതി തെറ്റാണെന്നും പാർട്ടിയും ചിഹ്നവും തിരികെ നൽകണമെന്നും എൻസിപി-ശരദ്ചന്ദ്ര പവാർ നേതാവ് സുപ്രിയ സുലെ. രാജ്യത്ത് ജനാധിപത്യമുണ്ട്, ഇത് തെറ്റാണെന്നും സുലെ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അതേസമയം ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി വിഭാഗത്തിന് ‘നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി -ശരദ്ചന്ദ്ര പവാർ’ എന്ന പേര് അനുവദിച്ച ഫെബ്രുവരി ഏഴിലെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് ഇനിയൊരുത്തവ് ഉണ്ടാകുന്നതുവരെ നിലനിൽക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ നേതൃത്വത്തിലുള്ള വിഭാഗത്തെ യഥാർഥ എൻസിപിയായി അംഗീകരിച്ചുകൊണ്ടുള്ള ഫെബ്രുവരി ആറിലെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിനെതിരെ ശരദ് പവാർ വിഭാഗം നൽകിയ ഹർജിയിൽ മറുവിഭാഗത്തിന്റെ പ്രതികരണവും കോടതി തേടി.
ജസ്റ്റീസുമാരായ സൂര്യകാന്ത്, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. തെരഞ്ഞെടുപ്പ് ചിഹ്നം ആവശ്യപ്പെട്ട് ശരദ് പവാർ വിഭാഗത്തിനു തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.