നരേന്ദ്ര മോദിയും അമിത് ഷായും ആദ്യലിസ്റ്റിൽ; ബിജെപിയുടെ സ്ഥാനാര്‍ഥിപ്പട്ടിക ഉടൻ
Saturday, February 24, 2024 8:09 PM IST
ന്യൂഡൽഹി: ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർഥിപ്പട്ടിക ഉടൻ പുറത്തുവിട്ടേക്കും. അടുത്തയാഴ്ച കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിനുശേഷം നൂറ് സ്ഥാനാർഥികളെ പ്രഖ്യാപിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ആദ്യ പട്ടികയിൽ ഉൾപ്പെടുമെന്ന് റിപ്പോർട്ടുകളുണ്ട്.
വ്യാഴാഴ്ചയാണ് ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ചേരുന്നത്. അതിനിടെ കേരളത്തിലെ ബിജെപിയുടെ സധ്യതാപട്ടിക പുറത്തുവിട്ടു. തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും കുമ്മനം രാജശേഖരനുമാണ് പരിഗണനയിലുള്ളത്.
പത്തനംതിട്ടയില്‍ പി.സി.ജോര്‍ജിന്റെയും ഷോണ്‍ ജോര്‍ജിന്റെയും കുമ്മനം രാജശേഖരന്റെയും പേരുകള്‍ പരിഗണിക്കുന്നുണ്ട്. എറണാകുളത്ത് അനില്‍ ആന്റണിയും കിറ്റക്സ് എംഡി സാബു ജേക്കബുമാണ് പരിഗണനയിലുള്ളത്.
ചാലക്കുടി മണ്ഡലത്തില്‍ മേജര്‍ രവി, എ.എന്‍. രാധാകൃഷ്ണന്, ബി.ഗോപാലകൃഷ്ണന് എന്നിവരാണ് പരിഗണനയിലുള്ളത്. ആലപ്പുഴ മണ്ഡലത്തില്‍ അനില്‍ ആന്റണിക്കൊപ്പം കൊല്ലപ്പെട്ട രഞ്ജിത് ശ്രീനിവാസന്റെ ഭാര്യ ലിഷ രഞ്ജിത്തിന്റെ പേരും സാധ്യതാ പട്ടികയിലുണ്ട്.
കണ്ണൂര്‍ മണ്ഡലത്തില്‍ കോൺഗ്രസ് വിട്ടുവന്ന സി.രഘുനാഥ് മത്സരിച്ചേക്കും. കോഴിക്കോട് മണ്ഡലത്തില്‍ എം.ടി. രമേശ്, ശോഭാ സുരേന്ദ്രന്, പ്രഫുല്‍ കൃഷ്ണന് എന്നിവരെ പരിഗണിക്കുന്നുണ്ട്.
പി.കെ.കൃഷ്ണദാസിന്റെ പേരാണ് കാസര്‍ഗോഡ് മണ്ഡലത്തില്‍ പരിഗണിക്കുന്നത്. തൃശൂരില്‍ സുരേഷ് ഗോപിയും ആറ്റിങ്ങലില്‍ വി.മുരളീധരനും സീറ്റ് ഉറപ്പിച്ചിട്ടുണ്ട്. സീറ്റ് ഉറപ്പിച്ചവർ മണ്ഡലങ്ങളിൽ സജീവമായിക്കഴിഞ്ഞു.
ബിജെപി തനിച്ച് 370 സീറ്റ് നേടുമെന്നും അതിനായി പ്രവർത്തകർ കിണഞ്ഞ് പരിശ്രമിക്കണമെന്നും നരേന്ദ്ര മോദി പറഞ്ഞിരുന്നു. കേന്ദ്ര സർക്കാരിന്റെ ഓരോ പദ്ധതിയുടെയും ഗുണഫലങ്ങൾ ഗുണഭോക്താക്കളിലേക്ക് എത്തിക്കാൻ പ്രവർത്തകർക്ക് പാർട്ടിനിർദേശം നൽകിക്കഴിഞ്ഞു.