രാജ്യത്തെ നീളമേറിയ തൂക്കുപാലം ഉദ്ഘാടനം ചെയ്തു; കടലിൽ മുങ്ങി പ്രാർഥിച്ച് നരേന്ദ്ര മോദി
Sunday, February 25, 2024 4:55 PM IST
അഹമ്മദാബാദ്: ദ്വാരകക്ഷേത്ര സന്ദര്‍ശനത്തിന്റെ ഭാഗമായി കടലിൽ മുങ്ങി പ്രാര്‍ഥന നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്ത് തീരത്തിനു സമീപം അറബിക്കടലിലായിരുന്നു പ്രധാനമന്ത്രിയുടെ പൂജ.
കടലിൽ മുങ്ങിയശേഷം മോദി ദ്വാരക ക്ഷേത്രത്തിൽ ആരാധനയും നടത്തി. കടലിൽ മുങ്ങിയത് ഏറെ ദിവ്യമായി അനുഭവപ്പെട്ടുവെന്നും പുരാതന കാലഘട്ടവുമായി താൻ ബന്ധപ്പെട്ടതായി തോന്നുന്നുവെന്നും മോദി എക്സിൽ കുറിച്ചു.മുങ്ങൽ വിദഗ്ധരോടൊപ്പം കടലിനടിയിൽ നിന്നുള്ള ചിത്രങ്ങളും മോദി എക്സിൽ പങ്കുവച്ചു. മയിൽപീലിയുമായിട്ടായിരുന്നു മോദി പ്രാര്‍ഥന നടത്തിയത്.
ഓഖയെയും ക്ഷേത്രം സ്ഥിതി ചെയ്യുന്ന ദ്വാരക ദ്വീപിനെയും ബന്ധിപ്പിക്കുന്ന തൂക്കുപാലമായ സുദര്ശന് സേതു ഉദ്ഘാടനം ചെയ്യാൻ ഗുജറാത്തിൽ എത്തിയതായിരുന്നു പ്രധാനമന്ത്രി. രാജ്യത്തെ ഏറ്റവും നീളമേറിയ തൂക്കുപാലമാണ് ഇന്ന് ഉദ്ഘാടനം ചെയ്ത സുദര്ശന് സേതു.
979 കോടി രൂപ ചെലവിൽ നിർമിച്ച പാലത്തിന് 2.32 കിലോമീറ്റർ ദൂരമുണ്ട്. 27.20 മീറ്റർ വീതിയുള്ള നാലുവരിപ്പാതയിൽ 2.50 മീറ്റർ വീതം രണ്ടുവശത്തും നടപ്പാതയും ഒരുക്കിയിട്ടുണ്ട്. നടപ്പാതയുടെ വശങ്ങളിലായി ഭഗവത് ഗീതയിൽ നിന്നുള്ള വരികളും കൃഷ്ണന്റെ ചിത്രങ്ങളും ആലേഖനം ചെയ്തിട്ടുണ്ട്.