ഗഗന്യാന് ദൗത്യത്തില്‍ മലയാളിയും; പേരുകൾ നാളെ പ്രഖ്യാപിക്കും
Monday, February 26, 2024 6:55 PM IST
തിരുവനന്തപുരം: ഇന്ത്യന്‍ ബഹിരാകാശയാത്രികരുടെ പേര് വിവരങ്ങള്‍ പ്രധാനമന്ത്രി നാളെ തിരുവനന്തപുരത്ത് പ്രഖ്യാപിക്കും. ബഹിരാകാശ യാത്രയ്ക്കു മുന്നോടിയായി പരിശീലനം നടത്തുന്ന നാലുപേരിൽ ഒരാൾ മലയാളിയാണ്. ഇദ്ദേഹം വ്യോമസേനയിലെ സ്ക്വാഡ്രണ്‍ ലീഡറായുള്ള ഉദ്യോഗസ്ഥാനാണെന്ന് സൂചനയുണ്ട്.
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയുടെ സമാപന സമ്മേളനത്തിൽ പങ്കെടുക്കാനാണ് മോദി നാളെ രാവിലെ തിരുവനന്തപുരത്ത് എത്തുന്നത്. തുടർന്ന് പ്രധാനമന്ത്രി വിക്രം സാരാഭായ് സ്പേസ് സെന്റര്‍ സന്ദര്‍ശിച്ച് ഗഗന്യാന് പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തും.
വ്യോമസേനയുടെ ഫൈറ്റര്‍ പൈലറ്റുമാരിലെ തെരഞ്ഞെടുക്കപ്പെട്ട നാലു പേരില്‍ നിന്നാകും ബഹിരാകാശ യാത്രികരെ തീരുമാനിക്കുക. മൂന്ന് ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരികളെ മൂന്നു ദിവസത്തേക്ക് ഭ്രമണപഥത്തില്‍ എത്തിച്ച് ഭൂമിയില്‍ തിരിച്ചെത്തിക്കാനുള്ള ഗഗന്യാന് ദൗത്യം അടുത്ത വര്‍ഷം വിക്ഷേപിക്കാനാണ് ലക്ഷ്യമിടുന്നത്.
മനുഷ്യനെ ബഹിരാകാശത്തേക്കും തിരികെ ഭൂമിയിലേക്കും സുരക്ഷിതമായി എത്തിക്കാൻ കഴിയുമെന്നു തെളിയിക്കുകയാണു ഗഗൻയാൻ ദൗത്യത്തിന്റെ ലക്ഷ്യമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ് പറഞ്ഞു.
ഗഗന്യാന് ദൗത്യത്തിന്റെ ഭാഗമായി നാല് വ്യോമസേന പൈലറ്റുമാരെ തെരഞ്ഞെടുത്ത് റഷ്യയിലേക്ക് പരിശീലനത്തിനായി അയച്ചിരുന്നു. തിരിച്ചെത്തിയ ഇവര്‍ക്ക് ഐഎസ്ആര്‍ഒയും പരിശീലനം നല്കിവരുകയാണ്.പദ്ധതി അന്തിമഘട്ടത്തിലേക്ക് അടുത്തതോടെയാണ് ബഹിരാകാശത്തേക്ക് പോകുന്നവരുടെ പേരുകള്‍ പ്രഖ്യാപിക്കാനൊരുങ്ങുന്നത്.