പച്ചപ്പായി ഗ്രീൻ; വെല്ലിംഗ്ടണിൽ തകർച്ചയിൽ നിന്ന് കരകയറി ഓസീസ്
Thursday, February 29, 2024 11:50 AM IST
വെല്ലിംഗ്ടൺ: ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയ ഭേദപ്പെട്ട നിലയിൽ. ആദ്യദിനം കളിനിർത്തുമ്പോൾ ഒമ്പതുവിക്കറ്റ് നഷ്ടത്തിൽ 279 റൺസെന്ന നിലയിലാണ് സന്ദർശകർ.
സെഞ്ചുറി നേടി പുറത്താകാതെ നില്ക്കുന്ന കാമറൂൺ ഗ്രീനിന്റെ (103) ബാറ്റിംഗ് പ്രകടനമാണ് ഓസീസിനെ വൻ തകർച്ചയിൽ നിന്ന് കരകയറ്റിയത്. ഗ്രീനിനൊപ്പം റണ്ണൊന്നുമെടുക്കാതെ ജോഷ് ഹേസിൽവുഡാണ് ക്രീസിൽ.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയ്ക്ക് ഓപ്പണർമാരായ സ്റ്റീവ് സ്മിത്തും ഉസ്മാൻ ഖവാജയും ചേർന്ന് ഭേദപ്പെട്ട തുടക്കമാണ് നല്കിയത്. സ്കോർ 61 റൺസിൽ നില്ക്കെ സ്മിത്തിനെ പുറത്താക്കി മാറ്റ് ഹെന്റി കൂട്ടുകെട്ട് പൊളിച്ചു. 31 റൺസെടുത്ത സ്മിത്തിനെ വിക്കറ്റിനു പിന്നിൽ ടോം ബ്ലണ്ടൽ പിടിച്ചു പുറത്താക്കുകയായിരുന്നു.
സ്കോർബോർഡിൽ നാലുറൺസ് കൂട്ടിച്ചേർക്കുന്നതിനിടെ മാർനസ് ലബുഷെയ്നും (ഒന്ന്) പുറത്തായതോടെ ഓസീസ് രണ്ടിന് 65 റൺസെന്ന നിലയിലായി. പിന്നാലെ ക്രീസിൽ ഒന്നിച്ച ഖവാജയും കാമറൂൺ ഗ്രീനും ചേർന്ന് സ്കോർ മുന്നോട്ടുകൊണ്ടുപോയി. എന്നാൽ സ്കോർ 88 റൺസിൽ നില്ക്കെ ഖവാജയെ (33) പുറത്താക്കി മാറ്റ് ഹെൻറി വീണ്ടും ഓസീസിനെ ഞെട്ടിച്ചു.
പിന്നാലെ നിലയുറപ്പിക്കുംമുമ്പേ ട്രാവിസ് ഹെഡ് ഒറൂർക്കെയ്ക്ക് വിക്കറ്റ് നല്കി മടങ്ങിയതോടെ ഓസീസ് നാലിന് 89 റൺസെന്ന നിലയിൽ തകർച്ചയെ നേരിട്ടു. ഇതോടെ ക്രീസിൽ ഒന്നിച്ച മിച്ചൽ മാർഷ്- കാമറൂൺ ഗ്രീൻ സഖ്യം നടത്തിയ രക്ഷാപ്രവർത്തനം സ്കോർ 150 കടത്തി. ഇരുവരും ചേർന്ന് 67 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി.
39 പന്തിൽ 40 റൺസുമായി മുന്നേറിയ മാർഷിനെ പുറത്താക്കി മാറ്റ് ഹെൻറി വീണ്ടും കിവീസിന് ബ്രേക്ക്ത്രൂ സമ്മാനിച്ചു. പിന്നാലെ എത്തിയവർ ആർക്കും കാര്യമായ സംഭാവനകൾ നല്കാനായില്ല.
അലക്സ് കാരി (10), മിച്ചൽ സ്റ്റാർക്ക് (ഒമ്പത്), പാറ്റ് കമ്മിൻസ് (16), നഥാൻ ലയൺ (അഞ്ച്) എന്നിവർ കാര്യമായ ചെറുത്തുനില്പ് കൂടാതെ കീഴടങ്ങിയപ്പോഴും ഒരറ്റത്ത് സെഞ്ചുറിയോടെ ഗ്രീൻ നിലയുറപ്പിച്ചിരുന്നു. 155 പന്തിൽ 16 ബൗണ്ടറികളുടെ സഹായത്തോടെയാണ് ഗ്രീൻ 103 റൺസെടുത്തത്.
ന്യൂസിലൻഡിനു വേണ്ടി മാറ്റ് ഹെൻറി 43 റൺസ് മാത്രം വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തി. വില്യം ഒറൂർക്കെ, സ്കോട്ട് കുഗ്ഗെലെയ്ൻ എന്നിവർ രണ്ടുവിക്കറ്റ് വീതവും രചിൻ രവീന്ദ്ര ഒരുവിക്കറ്റും വീഴ്ത്തി.